ആലപ്പുഴ: വേനൽചൂട് ക്രമാതീതമായതോടെ കന്നുകാലികളിൽ പാൽ ഉത്പാദനവും പ്രജനനവും കുറയാതിരിക്കാൻ ക്ഷീരകർഷകർക്ക് ജാഗ്രതാ നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്ത്.
ഉയർന്ന അന്തരീക്ഷതാപ നിലയും ആർദ്രതയും മനുഷ്യരെ പോലെ കന്നുകാലികളുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കും. തുറസായ പ്രദേശത്തോ വയലിലോ കന്നുകാലികളെ മേയ്ക്കുന്നതിലൂടെ സൂര്യതാപമേറ്റുളള വേനൽക്കാല രോഗങ്ങൾ വർദ്ധിക്കാൻ സാദ്ധ്യത കൂടുതലാണ്. താപനില വർദ്ധിക്കുന്നത് അനുസരിച്ച് തീറ്റയെടുക്കാൻ മടിക്കുകയും പാൽ ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്യും. തുറസായ പ്രദേശത്ത് മേയിക്കുന്നതിലൂടെ നിർജലീകരണം അനുഭവപ്പെട്ട് പശുക്കൾക്ക് മരണം വരെ സംഭവിക്കാം. മൃഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ കുറവായതാണ് മനുഷ്യരേക്കാൾ വേഗം ശരീരം ചൂടാകുകയും ശ്വസന നിരക്ക് വർദ്ധിക്കുകയും ചെയ്യും. തീറ്റയുടെ അളവ് കുറയുന്നതോടെ ആരോഗ്യവും പാൽ ഉത്പാദനത്തിനും ശോഷിക്കുന്നതിനാൽ കർഷകർ പ്രതിസന്ധിയിലാവും.
ജാഗ്രത പാലിക്കണം
വേനൽക്കാലത്ത് മൃഗങ്ങളെ പോല തന്നെ കോഴി, താറാവ് എന്നിവയിൽ വൈറസ് രോഗ വ്യാപനത്തിന് സാദ്ധ്യത കൂടുതലാണ്. കുട്ടനാട്ടിൽ താറാവുകളും കോഴികളും വൈറസ് മൂലം ചത്തൊടുങ്ങന്ന പശ്ചാത്തലത്തിൽ കർഷകർ ജാഗ്രത പാലിക്കണം. വളർത്ത് പക്ഷികളിൽ ബാധിക്കുന്ന സാംക്രമിക രോഗമാണ് കോഴിവസന്ത. ഏവിയൻ പാരമിക്‌സോ വൈറസുകളാണ് രോഗകാരണം. ദേശാടനപക്ഷികൾ, കാട്ടുപക്ഷികൾ, പുറംനാടുകളിൽനിന്ന് കൊണ്ട് വരുന്ന പ്രാവ്, തത്ത അടക്കമുള്ള പക്ഷികളുമെല്ലാം വൈറസ് വാഹകരാണ്. രോഗവാഹകരും രോഗബാധിതരുമായ പക്ഷികൾ അവയുടെ ഉച്ഛ്വാസവായു, ശരീരസ്രവം, കാഷ്ഠം എന്നിവയിലൂടെ വൈറസിനെ പുറന്തള്ളും. സമ്പർക്കത്തിലൂടെയും കാഷ്ഠം കലർന്ന് മലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രം പോലെയുള്ള ഫാം ഉപകരണങ്ങൾ, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, വാഹനങ്ങൾ എന്നിവയെല്ലാം വഴി പരോക്ഷമായും വസന്ത രോഗം അതിവേഗത്തിൽ പടരും.
ലക്ഷണങ്ങൾ
വൈറസ് ബാധയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ശ്വസനവ്യൂഹം, ദഹനേന്ദ്രിയ വ്യൂഹം, നാഡികൾ എന്നിവയുടെ പ്രവർത്തനത്തെ വൈറസ് ആക്രമിക്കും. ചെറിയ പ്രായത്തിലുള്ള കോഴികളിലാണ് രോഗം അപകടകരമാകുന്നത്. തലതാഴ്ത്തി തൂങ്ങി നിൽക്കൽ, ധാരാളം വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാതിരിക്കൽ, ശ്വാസമെടുക്കാനുള്ള പ്രയാസം, കൊക്കുകൾ പാതി തുറന്നു പിടിച്ചുള്ള ശ്വാസോഛ്വാസം, ദുർഗന്ധത്തോടുകൂടിയ പച്ചയും വെള്ളയും കലർന്ന വയറിളക്കം, കഴുത്ത് പിരിച്ചിൽ, ചിറകുകളുടെയും കാലുകളുടെയും തളർച്ച, കൊക്കിനും കണ്ണിനും ചുറ്റും വീക്കം തുടങ്ങിയവയാണ് കോഴിവസന്ത രോഗത്തിന്റെ ലക്ഷണങ്ങൾ. മുട്ട ഉത്പാദനം നിലയ്ക്കുകയും മുട്ടയുടെ ആകൃതി, പുറന്തോടിന്റെ നിറം, കട്ടി എന്നിവ വ്യത്യാസപ്പെടും. മുട്ടയുടെ മഞ്ഞക്കുരു കലങ്ങിയിരിക്കും.
നിർജലീകരണം
അണപ്പ്, കിതപ്പ്, വായിൽ നിന്ന് ഉമിനീർ പുറത്തേക്ക് ഒഴുകും, തീറ്റ എടുക്കുന്നതിൽ ബുദ്ധിമുട്ട്
....................................
# ശ്രദ്ധിക്കണം
ചൂടിന് കാഠിന്യം കൂടുമ്പോൾ തുറസായ സ്ഥലത്ത് മൃഗങ്ങളെ മേയിക്കാൻ വിടരുത്
ഉദയത്തിന് മുമ്പും അസ്തമനത്തിന് ശേഷവും കൂടുതൽ തീറ്റ നൽകണം, പരമാവധി പച്ചപ്പുല്ല് കൊടുക്കണം
പ്രതിദിനം കുറഞ്ഞത് 60 ലിറ്റർ വെള്ളം ഓരോ കന്നുകാലിക്കും നൽകണം
ചൂട് കൂടുതലുളള അവസരങ്ങളിൽ കഴിവതും തൊഴുത്തിലോ മരത്തണലിലോ കെട്ടി ശരീരം തണുക്കാൻ ചണ ചാക്ക് നനച്ച് മൃഗങ്ങളുടെ ദേഹത്ത് ഇടണം
പ്രതിദിനം തീറ്റയിൽ കലർത്തി 50 ഗ്രാം സോഡാകാരം നൽകണം
തൊഴുത്തിൽ ഫാൻ ഘടിപ്പിക്കണം, അല്ലെങ്കിൽ തൊഴുത്തിന്റെ 75 ശതമാനം നെറ്റ് പാകുകയോ മേൽക്കൂര ഓലമേയുകയോ ചെയ്യണം
.....................................
ചൂട് കൂടുമ്പോൾ പരമാവധി പച്ചപ്പുല്ല് കന്നുകാലികൾക്ക് നൽകാൻ കർഷകർ ശ്രദ്ധിക്കണം. വിയർപ്പ് ഗ്രന്ഥികൾ മൃഗങ്ങൾക്ക് കുറവായതിനാൽ ശരീരം ചൂടായി തീറ്റയെടുക്കാൻ ബുദ്ധിമുട്ട് കാണിക്കും. അടുത്തുള്ള മൃഗാശുപത്രയിൽ നിന്ന് ലഭിക്കുന്ന മാർഗനിർദേശം പാലിക്കണം
ഡോ. ബീന, റിട്ട. പി.ആർ.ഒ, മൃഗസംരക്ഷണ വകുപ്പ്