ആലപ്പുഴ: സംസ്ഥാന ജീവനക്കാർ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ ഇടത് സർക്കാർ കവർന്നെടുത്തിരിക്കുകയാണെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ.രമേശ് പറഞ്ഞു. എൻ.ജി.ഒ. സംഘ് ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷത്തിൽ ഒരിക്കൽ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം അട്ടിമറിക്കപ്പെട്ടു. ജീവനക്കാരുടെ രണ്ട് മാസത്തെ ശമ്പളം പിടിച്ചെടുത്തു ലീവ് സറണ്ടർ മരവിപ്പിച്ചു, ഡി. എ ലഭിക്കുന്നില്ല, പങ്കാളിത്ത പെൻഷൻ പുനപരിശോധിക്കുമെന്ന് പറഞ്ഞവർ പൊതുമേഖലാ സ്ഥാപനങ്ങളിൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കി ജീവനക്കാരെ വഞ്ചി​ച്ചു, പങ്കാളിത്ത പെൻഷൻകാരുടെ കുടുംബ പെൻഷന്റെ നിരക്ക് വെട്ടി കുറച്ചു, സമഗ്ര അരോഗ്യ ഇൻഷുറൻസ് പദ്ധതി തകർന്നു, ഹൗസ് ബിൽഡിംഗ് അഡ്വാൻസ് നിർത്തലാക്കി, വിവിധ വകുപ്പുകളിലായി നിരവധി തസ്തികകൾ വെട്ടിക്കുറച്ചു തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നഷ്ടമായി കഴിഞ്ഞു. സർവീസ് മേഖലയെ തകർക്കുന്നതിനും അഴിമതിയും പിൻവാതിൽ നിയമനങ്ങളും നടത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഇത്തരം നയങ്ങളിൽ നിന്നും സർക്കാർ പിൻമാറണമെന്നും ടി.എൻ.രമേശ് ആവശ്യപെട്ടു. ജില്ലാ പ്രസിഡന്റ് കെ.രാമനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ബാബുപിള്ള, സെക്രട്ടറി എ.പ്രകാശ്, സംസ്ഥാന ട്രഷറർ പി.വി.മനോജ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.മധു, എൽ.ജയദാസ്, സി.ടി.ജയകുമാർ, ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ്.കരുമാടി, ജില്ലാ ട്രഷറർ എൽ.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.