ആലപ്പുഴ: റിപ്പബ്ലിക് ദിനാഘോഷം കൊവിഡ് മാനദണ്ഡങ്ങളോടെ ജില്ലാ റിക്രിയേഷൻ ഗ്രൗണ്ടിൽ നാളെ നടക്കും. മന്ത്രി. ജി. സുധാകരൻ മുഖ്യാതിഥിയാകും. കളക്ടർ എ.അലക്‌സാണ്ടർ, ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു, അഡീഷണൽ എസ്.പി എൻ. രാജൻ, ഡെപ്യൂട്ടി കമാൻഡന്റ് വി.സുരേഷ് ബാബു, ജില്ലയിലെ ഡിവൈ.എസ്.പിമാർ എന്നിവർ പങ്കെടുക്കും. സെറിമോണിയൽ പരേഡ് ചടങ്ങുകൾ രാവിലെ 8.40ന് ആരംഭിക്കും. മുഖ്യാതിഥി മന്ത്രി ജി.സുധാകരൻ ഒമ്പതിന് അഭിവാദ്യം സ്വീകരിച്ച് ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക്ദിന സന്ദേശം നൽകും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷം പരിമിതപ്പെടുത്തി. പരേഡിന് നാല് പ്ലാറ്റൂണുകൾ ഉണ്ടായിരിക്കും. എസ്.പി.സി, സ്‌കൗട്ട്, എൻ.സി.സി ജൂനിയർ ഡിവിഷൻ എന്നിവരുടെ സാന്നിദ്ധ്യം ഇല്ല. കുട്ടികളുടെ പരേഡ്, മാർച്ച് പാസ്റ്റ്, ദേശഭക്തിഗാനം, സമ്മാനദാനം തുടങ്ങിയ ചടങ്ങുകളും ഒഴിവാക്കി. ക്ഷണിതാക്കളുടെ എണ്ണം 100 ആയി നിജപ്പെടുത്തി.പൊതുജനങ്ങൾക്കും, കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും ചടങ്ങുകളിൽ പ്രവേശനമുണ്ടായിരിക്കില്ല. പങ്കെടുക്കാൻ എത്തുന്ന മുഴുവൻ വ്യക്തികളെയും തെർമൽ സ്‌കാനിംഗിന് പ്രവേശന കവാടത്തിൽ വിധേയമാക്കും.