ഇപ്പോൾ ധനസഹായം, ഇൻഷ്വറൻസ് വൈകില്ല
ആലപ്പുഴ: രോഗവും പ്രളയവും മൂലം ആവർത്തിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരമായി താറാവ് കർഷകർക്ക് ഇൻഷ്വറൻസ് സേവനം അടുത്ത വർഷത്തിൽ യഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ജില്ലയിൽ പക്ഷിപ്പനി ബാധിച്ച് നഷ്ടമുണ്ടായ കർഷകർക്കുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര വിഷയമായാണ് ഇതിനെ കാണേണ്ടത്. പ്രതിരോധ വാക്‌സിൻ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിലെ പ്രദേശങ്ങളിലെ കർഷകർക്കുള്ള ധനസഹായം എത്രയും വേഗം വിതരണം ചെയ്യും. ക്ഷീരമേഖല നല്ല രീതിയിൽ മുന്നേറുകയാണ്. മൃഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. പാലിൽ സംസ്ഥാനം സ്വയം പര്യാപ്തത നേടിയിട്ടുണ്ട്. അന്യ സംസ്ഥാനത്തു നിന്ന് ഗുണനിലവാരമില്ലാത്ത പാല് സംസ്ഥാനത്തേക്ക് എത്തുന്നതു നിരീക്ഷിക്കാനും തടയാനും വേണ്ട നിർദ്ദേശങ്ങൾ സംസ്ഥാനം സ്വീകരിച്ചു വരുന്നു.
താറാവുകർഷകർക്ക് ഇൻഷ്വറൻസ് ഏർപ്പാടാക്കാൻ വേണ്ട നടപടികൾ അടുത്ത വർഷം യഥാർത്ഥ്യമാക്കുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. കുട്ടനാട്ടിലെ പാരിസ്ഥിക തകർച്ച ഗൗരവ പ്രശ്‌നമാണെന്നും കുട്ടനാട് പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയിലൂടെ കുട്ടനാട് എല്ലാ രീതിയിലും വൃത്തിയാക്കേണ്ട ചുമതല എല്ലാവർക്കുമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
പക്ഷിപ്പനി മൂലം താറാവുകളും കോഴികളും നഷ്ടപ്പെട്ട ജില്ലയിലെ തകഴി,
1.05 കോടി
പള്ളിപ്പാട്, നെടുമുടി, കരുവാറ്റ, മേഖലയിലെ 25 കർഷകർക്കായി 1.05 കോടി രൂപയാണ് വിതരണം ചെയ്തത്. ജില്ലയിൽ പക്ഷിപ്പനിമൂലം 21,460 താറാവുകൾ ചത്തു. 49,222 താറാവുകളും 736 കോഴികളെയും കൊന്ന് നശിപ്പിച്ചു. 32,550 മുട്ടകളും നശിപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവയ്ക്ക് 100 രൂപയും, രണ്ട് മാസത്തിനു മുകളിൽ പ്രായമുള്ളതിന് 200 രൂപ വീതവും മുട്ടയ്ക്ക് 5 രൂപ വീതവുമാണ് നഷ്ടപരിഹാരം നൽകിയത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം.ദിലീപ് പദ്ധതി വിശദീകരിച്ചു. അഡ്വ. എ.എം.ആരിഫ് എം.പി, കളക്ടർ എ.അലക്സാണ്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. സന്തോഷ്‌കുമാർ, തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബിനു ഐസക് രാജ്, എ.ശോഭ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.