മാവേലിക്കര: പിണറായി സർക്കാരിന്റെ മറ്റൊരു അപഹാസ്യമായ രാഷ്ട്രീയ നാടകം മാത്രമാണ് സോളാർ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയ നടപടിയെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായവ്യത്യാസം പോലും കണക്കിലെടുക്കാതെ സി.ബി.ഐക്ക് സോളാർ കേസ് അന്വേഷണം കൈമാറാനായുള്ള സർക്കാർ തീരുമാനം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും ചേർന്ന് നടത്താനൊരുങ്ങുന്ന ഈ അന്വേഷണ പ്രഹസനം അവരുടെ രഹസ്യ ബാന്ധവത്തെയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്നും ഇരട്ടത്താപ്പ് ബൂമറാങ്ങായി തിരിച്ചടിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.