മാവേലിക്കര: ചാരുംമൂട്ടിൽ പുതിയ മിനി സിവിൽ സ്റ്റേഷൻ തുടങ്ങുമെന്നുള്ള ആർ.രാജേഷ് എം.എൽ.എയുടെ പ്രഖ്യാപനം തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പുതിയ തട്ടിപ്പാണെന്ന് മുൻ എം.എൽ.എ കെ.കെ.ഷാജു ആരോപിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ ബഡ്ജറ്റ് മൂന്ന് മാസത്തെ വോട്ട് ഓൺ അക്കൗണ്ട് മാത്രമാണ്. ബഡ്ജറ്റിലെ പദ്ധതികൾ എല്ലാം നടപ്പാക്കാൻ അടുത്ത സാമ്പത്തിക വർഷം വരെ കാത്തിരിക്കണമെന്നിരിക്കെ സ്‌ഥലം ഏറ്റെടുക്കൽ പോലും നടത്താത്ത പദ്ധതി നടപ്പിലാക്കുമെന്നുള്ള പ്രഖ്യാപനം അപഹാസ്യമാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച വെട്ടിക്കോട്ട് ചാൽ ടൂറിസം വികസനം, വയ്യാങ്കര ടൂറിസം പദ്ധതി, ചാരുംമൂട്ടിലെ ഫയർസ്റ്റേഷൻ തുടങ്ങിയ മുടങ്ങിക്കിടക്കുന്ന മറ്റ് വികസന പദ്ധതികളുടെ കാര്യത്തിൽ മൗനം പാലിക്കുന്ന എം.എൽ.എയുടെ ഇതിൽ നിന്ന് രക്ഷപെടാനുള്ള പുതിയ മാർഗമാണ് മിനി സിവിൽ സ്റ്റേഷൻ പ്രഖ്യാപനമെന്ന് കെ.കെ.ഷാജു പറഞ്ഞു.