ആലപ്പുഴ: അടിക്കടി കുതിക്കുന്ന ഇന്ധന വിലയുടെ ഇടയിൽപ്പെട്ട് സ്വകാര്യബസ് മേഖല തകരുന്നു. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ ഇനി മുന്നോട്ടു നീങ്ങാനാവില്ലെന്നാണ് ബസ് ഉടമകളുടെ പക്ഷം.
യാത്രക്കാരുടെ കുറവിനൊപ്പം ഇന്ധനവില വർദ്ധനയും സ്വകാര്യ ബസ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. ഡീസൽ ചെലവു പോലും ലഭിക്കാത്തതിനാൽ പല ബസുകളും സർവ്വീസ് നിറുത്തിയിരിക്കുകയാണ്.
മിനിമം ചാർജ്ജ് 8 ൽ നിന്നു 12 രൂപയാക്കണമെന്നും കിലോമീറ്ററിന് 90 പൈസയെന്നത് 2 രൂപയാക്കണമെന്നുമാണ് ബസുടമകൾ പറയുന്നത്. ഒരു വർഷത്തേക്ക് നികുതി ഒഴിവാക്കണം. ക്ഷേമനിധി അടയ്ക്കാൻ ഒരു വർഷം സാവകാശം നൽകണം. ഡീസൽ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവും ഉടമകൾ മുന്നോട്ട് വയ്ക്കുന്നു.
നിലവിൽ പ്രത്യക്ഷ സമരം വേണ്ടെന്നാണ് ബസുടമകളുടെ തീരുമാനം. ഒരു ബസ് സർവീസ് നടത്താൻ പ്രതിദിനം 6000-7000 രൂപ ചെലവുണ്ട്. കൊവിഡിന് മുമ്പു പ്രതിദിനം 7000 രൂപ വരെ വരുമാനമുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി 4000 രൂപയാണ് വരുമാനം. ഒരു ബസിൽ ഡ്രൈവർ, കണ്ടക്ടർ, രണ്ട് ക്ലീനർമാർ എന്നിങ്ങനെ നാല് പേരായിരുന്നു മുമ്പുണ്ടായിരുന്നത്. നിലവിൽ ഒരു ക്ലീനറെ കുറച്ച് പല ബസുകളിലും മൂന്ന് ജീവനക്കാരായി. ഒരാൾക്ക് 700 മുതൽ 850 രൂപ വരെ ശമ്പളം നൽകണം. കൂടാതെ ഡീസൽ ചെലവ് വേറെയും.
ഇതു പോര
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ ജൂലായിൽ ബസ് ചാർജിൽ നേരിയ വർദ്ധന വരുത്തിയിരുന്നു. എങ്കിലും നിലവിൽ സർവീസ് തുടരാനാവാത്ത സ്ഥിയാണുള്ളതെന്ന് ബസുടമകൾ പറയുന്നു. ജില്ലയിൽ 450 ബസുകളാണ് ലോക്ക്ഡൗണിന് മുമ്പ് വരെ സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ 200ൽ താഴെ ബസുകൾ പോലും നിരത്തിലില്ല. പെർമിറ്റ് ഉൾപ്പടെ ഒരു ബസ് വാങ്ങാൻ ചുരുങ്ങിയത് 35- 45 ലക്ഷം വേണം. ഒന്ന് മിനുക്കി ഇറക്കാൻ പിന്നെയും ചെലവേറും. വായ്പയെടുത്തോ കടം വാങ്ങിയോ ബസ് വാങ്ങുന്നവർക്ക് പലിശ അടയ്ക്കാൻ പോലുമുള്ള മാർഗമില്ല.
കൊവിഡ് ഭീതി ഒഴിഞ്ഞെങ്കിലും യാത്രക്കാർ ബസുകളിൽ കയറാൻ മടിക്കുകയാണ്. പലപ്പോഴും ഇന്ധനം അടിക്കാനുള്ള പണം പോലും ലഭിക്കാറില്ല. ഇതിനിടെ ഇന്ധന വർദ്ധനയും കൂടിയായപ്പോൾ സ്വകാര്യബസ് മേഖല നട്ടം തിരിയുകയാണ്. കൊവിഡ് അവസാനിക്കുന്നതുവരെ റോഡ് ടാക്സ് ഒഴിവാക്കി നൽകുകയോ ഡീസൽ സബ്സിഡി ഏർപ്പെടുത്തി നൽകുകയോ ചെയ്തെങ്കിൽ മാത്രമേ മേഖലയ്ക്ക് പടിച്ചുനിൽക്കാനാവൂ
(പി.ജെ.കുര്യൻ, കേരള ബസ് ട്രാൻസ്പോർട്ട് അസോ. ജില്ലാ പ്രസിഡന്റ് )