ആലപ്പുഴ: കാലാവസ്ഥ വ്യതിയാനവും കൊവിഡും വേനൽ ചൂടിന്റെ കാഠിന്യവും മൂലം മത്സ്യക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ തീരദേശം വറുതിയിൽ. ഒക്ടോബറിൽ തുടങ്ങിയ ദുരിതം ഇനിയും അടങ്ങിയിട്ടില്ല.
കടലിൽ പോകുന്ന യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾ നിരാശയോടെയാണ് തിരിച്ചെത്തുന്നത്. ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ നങ്കൂരമിട്ടിരിക്കുകയാണ്. ട്രോളിംഗ് നിരോധനത്തിന് ശേഷം കടൽ കനിയുമെന്ന് കരുതിയെങ്കിലും വേണ്ടത്ര മത്സ്യം ലഭിക്കുന്നില്ല. നാല് ദിവസത്തേക്കുള്ള ഇന്ധനം, ആഹാരം, ഐസ് ഉൾപ്പെടെയാണ് ബോട്ടുകൾ കടലിൽ പോകുന്നതെങ്കിലും പ്രതീക്ഷിക്കുന്ന മത്സ്യം ലഭിക്കുന്നില്ല. ഒന്നേകാൽ മുതൽ രണ്ടര ലക്ഷം രൂപവരെ ഒരു തവണ പോകുന്നതിന് ചെലവാകും. ചെലവിനു പോലുമുള്ള മത്സ്യം ലഭിക്കാത്തതിനാൽ 30 ശതമാനം ബോട്ടുകളും വള്ളങ്ങളും മാത്രമാണ് മത്സ്യബന്ധനത്തിന് പോകുന്നത്.
പ്രതീക്ഷ പൊലിഞ്ഞു
ആഗസ്റ്റിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് കടലിൽ പോകുന്നതെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. ട്രോളിംഗ് നിരോധനം കഴിയുമ്പോൾ പുല്ലൻ ചെമ്മീൻ, കരിക്കാടി, കിളിമീൻ, നങ്ക് എന്നിവ ധാരാളം ലഭിക്കാറുണ്ടായിരുന്നു. ഇക്കുറി ഇതൊക്കെ പേരിനു മാത്രം. തീരക്കടൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് പൂവാലൻ ചെമ്മീൻ, അയല, മത്തി, കൊഴുവ, നെത്തോലി, താടയും പാരയും തുടങ്ങി വിവിധയിനം മത്സ്യങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഇവയൊന്നും കാണാനില്ല. ഇന്ധനവില വർദ്ധനവിനൊപ്പം രജിസ്ട്രേഷൻ ഫീസ്, ക്ഷേമനിധി എന്നിവ കൂടിയതും മണ്ണെണ്ണ പെർമിറ്റ് നിറുത്തലാക്കിയതും മത്സ്യബന്ധന മേഖലയെ ആശങ്കയിലാഴ്ത്തുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളാണ് ഭൂരിഭാഗം മാർക്കറ്റിലുമുള്ളത്.
ഗുണമില്ല, പോകാതിരിക്കാനാവില്ല
മത്സ്യത്തിന്റെ വിലയിൽ നിന്ന് ചെലവ് പൂർണ്ണമായും മാറ്റിയ ശേഷമുള്ള തുകയുടെ 40 ശതമാനമാണ് തൊഴിലാളികൾക്കുള്ള വേതനം. 60 ശതമാനം തുക ബോട്ട്, വള്ളം ഉടമകൾക്കാണ്. ദിവസങ്ങളോളം ചീത്തയാകാതിരിക്കാൻ ഇത്തരം മത്സ്യങ്ങളിൽ രാസവസ്തുക്കൾ പുരട്ടുന്നുവെന്നും ആക്ഷേപമുണ്ട്. ട്രോളിംഗ് നിരോധനത്തിന് ശേഷം കേരള തീരത്തു നിന്നും പോകുന്ന ബോട്ടുകാർക്കും വലിയ ഗുണമില്ല. ലൈഫ് ജാക്കറ്റ് നിർബന്ധാക്കിയ സാഹചര്യത്തിൽ ഇവ ഇല്ലെങ്കിൽ ഒരു ബോട്ടിന് 25,000 രൂപയാണ് പിഴ ചുമത്തുന്നത്. മത്സ്യബന്ധന പരിധിയുടെ ലംഘനത്തിന് 2.5 ലക്ഷം രൂപ പിഴയടയ്‌ക്കേണ്ടിവരും.
ഇടനില ഇല്ലാതെ
ഒന്നോ രണ്ടോ തൊഴിലാളികൾ കയറുന്ന ചെറുവള്ളങ്ങളിലും പൊന്ത് വള്ളങ്ങളിലും ലഭിക്കുന്ന ചെറുമത്സ്യങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി വഴിയോരങ്ങളിൽ മത്സ്യത്തൊഴിലാളികൾ നേരിട്ട് നടത്തിയിരുന്ന വിപണനം അല്പം ആശ്വാസം പകരുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നു രക്ഷപ്പെടാനാണ്, വഴിയോരത്ത് കുടഞ്ഞ് മത്സ്യത്തൊഴിലാളികൾ തന്നെ വിൽക്കാൻ തുടങ്ങിയത്. ചെമ്മീൻ, അയല, മത്തി, മണുങ്ങ്, കുറിച്ചി, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവയാണ് ഇവർക്ക് ലഭിക്കുന്നത്. രാസവസ്തുക്കൾ പുരളാത്ത ഫ്രഷ് മത്സ്യം ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്കും ഇത്തരം താത്പര്യം കൂടും.
........................................
# ബോട്ടുകളുടെ ചെലവ്
ലൈലാൻഡ് ബോട്ട് (8 മുതൽ 10 വരെ തൊഴിലാളികൾ): 1.15- 1.50 ലക്ഷം
ചൈനീസ് എൻജിൻ ഘടിപ്പിച്ച ബോട്ട് (10 മുതൽ 12 വരെ തൊഴിലാളികൾ): 2.5- 3 ലക്ഷം
ലൈലാൻഡ് വള്ളം (40 തൊഴിലാളികൾ): 45,000- 60,000
...............................
# മീൻ വില (കിലോയ്ക്ക്)
മത്തി: 240-280
ചൂര: 200-240
കണവ: 450
അയല: 300
പൂവാലൻ: 240-300
കഴന്തൻ: 400-450
കരിക്കാടി: 180-220
നങ്ക്: 200
മണുങ്ങ്:160
കുറിച്ചി: 140