ക്ലാസ് യു.എൻ ജീവനക്കാർക്കും
ആലപ്പുഴ: എൻജിനിയറിംഗ് ജോലി ഉപേക്ഷിച്ച് നാട്ടിലെ കുട്ടികളെ മൈക്രോ സോഫ്ടിന്റെ എക്സൽ പ്രോഗ്രാമുകൾ ഇംഗ്ളീഷിനൊപ്പം തനി മലയാളത്തിലും പഠിപ്പിക്കാൻ യു ട്യൂബ് ചാനൽ തുടങ്ങി മാസം ശരാശരി 75,000 രൂപ വരുമാനം നേടുന്ന ആലപ്പുഴക്കാരനോട് ഐക്യരാഷ്ട്രസഭ ചോദിച്ചു, ഞങ്ങളുടെ സ്റ്റാഫിനെക്കൂടി പഠിപ്പിക്കുമോ?.
യു.എന്നിൽ തിളങ്ങിയ ആലപ്പുഴ കളർകോട് ആനന്ദ്ഭവനിൽ എൻ.ഡി ദയാനന്ദൻ- സത്യഭാമ ദമ്പതികളുടെ മകൻ അജയ് ആനന്ദിനെ (35) മൈക്രോസോഫ്ട് മോസ്റ്റ് വാല്യുവബിൾ പ്രൊഫഷൻ (എം.വി.പി) അവാർഡു നൽകിയാണ് ആദരിച്ചത്. മൈക്രോ സോഫ്ട് എക്സലിൽ സംശയം തീർക്കാൻ കൂടുതൽ പേർ ആശ്രയിക്കുന്ന പത്തു പേരിൽ ഒരാളായി മാറി അജയ്.
ഹൈദരാബാദിലെ സിവിൽ എൻജിനിയറിംഗ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി യു ട്യൂബ് ചാനൽ തുടങ്ങുമ്പോൾ ഒരു രാജ്യാന്തര പ്രൊഫഷണലാവുമെന്ന ചിന്ത സ്വപ്നത്തിൽ പോലുമില്ലായിരുന്നു.
യു.എൻ ദുരന്തനിവാരണ അതോറിട്ടി തലവൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് തലവര മാറ്റിമറിച്ചത്. അവരുടെ ഫിനാൻസ് ടീമിനെ എക്സൽ പഠിപ്പിക്കാനുള്ള ഒരു വർക്‌ഷോപ്പ് പരസ്യമായിരുന്നു അത്. നറുക്ക് വീണത് അജയ് ആനന്ദിന്. 2019 ജൂണിൽ ജനീവയിൽ ആയിരുന്നു വർക്‌ഷോപ്പ്.
10,000 ജോലിക്കാരുടെ ശമ്പള സ്ലിപ് ഒറ്റ ക്ലിക്കിൽ പി.ഡി.എഫ് ഫയൽ ആക്കാനുള്ള ആപ്ലിക്കേഷനും അതോടൊപ്പം ജോലിക്കാർക്ക് പ്രത്യേകമായി ഒറ്റ ക്ലിക്കിൽ മെയിൽ ആയയ്ക്കാനുള്ള പുതിയ ആപ്ലിക്കേഷനും രൂപകല്പന ചെയ്തു. 2020 ഏപ്രിലിലായിരുന്നു മൈക്രോ സോഫ്ടിന്റെ അവാർഡ് ലഭിച്ചത്.
ഇംഗ്ളീഷ്, മലയാളം ചാനലുകൾ
ഇംഗ്ളീഷ്, മലയാളം ചാനലുകളുണ്ട്. മലയാളത്തിൽ എക്സൽ പഠിപ്പിക്കുന്ന വേറെ യു ട്യൂബ് ചാനലില്ല. മലയാളത്തിന് 11,000 സബ്സ്ക്രൈബേഴ്സുണ്ട്. പല സ്ഥാപനങ്ങളും ക്ളാസെടുക്കാൻ വിളിക്കുന്നുമുണ്ട്. എക്സലിന്റെ പാഠങ്ങൾ കുട്ടികൾക്കും ഗ്രഹിക്കാൻ പാകത്തിൽ ലളിതമായി പഠിപ്പിക്കുന്നതാണ് വിജയ രഹസ്യം. XL n CAD Malayalam ആണ് ചാനൽ.
ഇന്ത്യയിലെ നാലാമൻ
മൈക്രോസോഫ്ട് മോസ്റ്റ് വാല്യുവബിൾ പ്രൊഫഷൻ അവാർഡ് നേടിയ ആദ്യ മലയാളിയാണ് അജയ് ആനന്ദ്. കാൽ നൂറ്റാണ്ടിനിടെ ഇന്ത്യയിൽ നിന്ന് 4 പേരാണ് ഈ അവാർഡിന് അർഹരായത്. ഒരു വർഷം എക്സൽ പ്രൊഡക്ട്സിന് നൽകിയ സംഭാവനകളുടെ വിലയിരുത്തലാണ് അവാർഡ്.
ചെറിയ സ്കൂൾ ലെവലിൽ തന്നെ കൂടുതലായി പഠിപ്പിക്കണം. എക്സൽ സാദ്ധ്യതകൾ കൂടിവരികയാണ്.
-അജയ് ആനന്ദ്