സ്റ്റേഷനുകൾ തുടങ്ങുന്നത് അനർട്ട്
ആലപ്പുഴ: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ചാർജിംഗ് സ്റ്റേഷനുകൾക്ക് അനിവാര്യമാവുന്നു. ജില്ലയിലെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ചേർത്തല ഓട്ടോകാസ്റ്റിൽ ഫെബ്രുവരിയോടെ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അനേർട്ട് (ഏജൻസി ഫോർ നോൺ കൺവൻഷനൽ എനർജി ആൻഡ് റൂറൽ ടെക്നോളജി) അധികൃതർ.
നിലവിൽ ഇലക്ട്രിക് വാഹന ഉടമകൾ വീടുകളിൽ തന്നെയാണ് വാഹനത്തിനൊപ്പം ലഭിക്കുന്ന ചാർജർ ഉപയോഗിച്ച്, പ്രത്യേക സംവിധാനമൊരുക്കി ചാർജ് ചെയ്യുന്നത്. ഇതിന് 7 മുതൽ 9 മണിക്കൂർ വരെ വേണ്ടിവരും. എന്നാൽ ചാർജിംഗ് സ്റ്റേഷനുകളിൽ പരമാവധി ഒരു മണിക്കൂർ മതിയാവും. ആലപ്പുഴയ്ക്ക് വേണ്ടി രണ്ട് മെഷീനുകളാണ് എത്തിച്ചിരിക്കുന്നത്. ആദ്യത്തേതിന് ഓട്ടോകാസ്റ്റിൽ സ്ഥലം ലഭിച്ചെങ്കിലും രണ്ടാമത്തേതിന് വേണ്ടിയുള്ള സ്ഥലം അന്വേഷണം പുരോഗമിക്കുകയാണ്. സ്റ്റേഷനുകളിൽ ആദ്യ മൂന്ന് മാസം സൗജന്യമായി ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നിരക്ക് തീരുമാനിച്ചിട്ടില്ല.
ചാർജിംഗ് സ്റ്റേഷനുകളിൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബിക്ക് യൂണിറ്റിന് 5 രൂപയും സ്റ്റേഷൻ ആരംഭിക്കുന്ന സ്ഥലത്തിന്റെ ഉടമയ്ക്ക് യൂണിറ്റിന് 70 പൈസയും അനർട്ട് നൽകും. സി.സി.എസ് (കമ്പയ്ൻഡ് ചാർജിംഗ് സിസ്റ്റം), ഷാഡമോ, ടൈപ്പ് 2 എ.സി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള 142 കിലോ വാട്ടിന്റെ ചാർജറുകളുള്ള മെഷീനാണ് സ്ഥാപിക്കുന്നത്. ഇതിൽ സി.സി.എസ്, ഷാഡമോ എന്നിവ 60 വാട്ട് വീതവും ടൈപ്പ് 2 എസി 22 വാട്ടുമാണ്. രണ്ടാമത്തെ സ്റ്റേഷൻ കായംകുളം മേഖലയിൽ സ്ഥാപിക്കാനാണ് പദ്ധതി.
സ്ഥലം പത്ത് വർഷത്തെ കരാറിൽ നൽകുന്നതൊഴിച്ചാൽ സർക്കാർ സ്ഥാപനങ്ങൾക്ക് മറ്റ് ചെലവുകളൊന്നുമില്ല. സ്ഥലവും മുതൽ മുടക്കുമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്റ്റേഷൻ ആരംഭിക്കാം. 15 മുതൽ 20 ലക്ഷം രൂപ വരെ ചിലവ് വരും. സ്ഥലമുണ്ടെങ്കിലും പണം മുടക്കാൻ സാധിക്കാത്തവർക്ക് നിക്ഷേപകരെ അനർട്ട് കണ്ടെത്തി നൽകും.
സ്വയം ചാർജിംഗ്
പെട്രോൾ പമ്പിലേത് പോലെ വാഹനം ചാർജ് ചെയ്യാൻ സ്റ്റേഷനിൽ പ്രത്യേകം ജീവനക്കാരുണ്ടാവില്ല. മൊബൈലിൽ ഡൗൺലോഡ് ചെയ്യാവുന്ന 'ഇലക്ട്രിഫൈ' എന്ന ആപ്ലിക്കേഷൻ വഴിയാണ് ചാർജിംഗ് മെഷീനിൽ യൂണിറ്റ് രേഖപ്പെടുത്തേണ്ടത്. ചാർജർ വാഹനത്തിൽ സ്വയം ഘടിപ്പിച്ച് ചാർജ് ചെയ്യാം. ശുചിമുറി, കാത്തിരിപ്പ് സൗകര്യമുള്ള കേന്ദ്രങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് അനർട്ട് ശ്രമിക്കുന്നത്.
ഒരു സമയം മൂന്ന് വാഹനം
മെഷീനിൽ നിന്ന് ഒരു സമയം മൂന്ന് വാഹനങ്ങൾ വരെ ചാർജ് ചെയ്യാൻ സാധിക്കും. നിലവിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് യോജിക്കുന്നതും, ഭാവിയിൽ പുറത്തിറങ്ങാനിരിക്കുന്ന വാഹനങ്ങൾക്ക് വേണ്ടി മുൻകൂട്ടി രൂപകൽപ്പന ചെയ്തതുമായ വിവിധ തരം ചാർജറുകളാണ് മെഷീനിൽ ഘടിപ്പിച്ചിരിക്കുന്നത്.
സ്റ്റേഷനുകൾ കൂടണം
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത് തിരുവന്തപുരം - എറണാകുളം റൂട്ടിലാണ്. ഈ റൂട്ടിൽ ഓരോ 50 കിലോമീറ്ററിലും ഒരു ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനാണ് അനർട്ട് ശ്രമിക്കുന്നത്. അനർട്ടിന് പുറമേ കെ.എസ്.ഇ.ബിയും വിവിധ ജില്ലകളിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നുണ്ട്.
.........................
ജില്ലയിലെ ആദ്യ ചാർജിംഗ് സ്റ്റേഷനാണ് ഓട്ടോകാസ്റ്റിൽ സ്ഥാപിക്കുന്നത്. അടുത്ത മെഷീൻ സ്ഥാപിക്കാനുള്ള സ്ഥലത്തിനായി കാത്തിരിപ്പാണ്. കെ.ടി.ഡി.സിക്കും ബി.എസ്.എൻ.എല്ലിനുമുൾപ്പടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. യൂണിറ്റിന് 70 പൈസ വീതം സ്ഥലം ഉടമയുടെ അക്കൗണ്ടിൽ ലഭിക്കും
അനർട്ട് അധികൃതർ