samuel

ആലപ്പുഴ: വിഖ്യാതമായ മോണാലിസ ചിത്രം മുതൽ ലൂസിഫർ സിനിമയിലെ മോഹൻലാൽ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയും ഒപ്പം ഒടിയൻ മാണിക്യവും വരെ നീളുന്ന ജീവൻ തുടിക്കുന്ന ചുവർ ചിത്രങ്ങൾ. നാനോ ശില്പങ്ങളുടെ വ്യത്യസ്ത സൃഷ്ടികളും. ഒരു കൂരയ്ക്ക് കീഴിൽ ചിത്രങ്ങളും ശില്പങ്ങളും ഒരുക്കി ശ്രദ്ധേയ പ്രദർശനം നടത്തുകയാണ് ആറാട്ടുവഴി കോനാട്ടു വീട്ടിൽ സോജി- ബിൻസി ദമ്പതികളുടെ മകനായ സാമുവൽ സോജി (12).

കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് വരച്ചത് ഇരുന്നൂറിലധികം ചിത്രങ്ങളാണ്. ഇവയിൽ നൂറിൽ താഴെ എണ്ണം മാത്രമാണ് 'മിറാക്കിൾ' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിനെത്തിച്ചിട്ടുള്ളത്. കുഞ്ഞുനാൾ മുതൽ ചിത്ര രചനയിൽ വാസനയുണ്ടായിരുന്നെങ്കിലും പ്രശസ്ത ചിത്രകാരൻ രാകേഷ് അൻസാരയുടെ കീഴിൽ ചിത്രരചനാ പഠനം ആരംഭിച്ചിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മംഗലശേരി നീലകണ്ഠന്റെ ശൗര്യം മുതൽ പത്മരാജന്റെ സൗമ്യത വരെ സാമുവലിന്റെ പെൻസിൽ തുമ്പിൽ സുരക്ഷിതം.

പെൻസിൽ, കളർ പെൻസിൽ, അക്രൈലിക് പെയിന്റിംഗ് എന്നിവ കഴിഞ്ഞാൽ സാമുവലിന്റെ ഇഷ്ട വിഷയം നാനോ രൂപങ്ങളുടെ നിർമ്മാണമാണ്. യേശുക്രിസ്തു, ബാഹുബലി, മെസി, ജാക്കിച്ചാൻ, ബ്രൂസ് ലീ തുടങ്ങി നിരവധി രൂപങ്ങളാണ് സാമുവലിന്റെ കുഞ്ഞുവിരലിൽ രൂപം കൊണ്ടത്. മുഖത്തെ സൂക്ഷ്മമായ പാടുകൾ പോലും ഒപ്പിയെടുത്ത് പുനരാവിഷ്കരിക്കുന്ന സൃഷ്ടികൾ വിസ്മയമാണ്.

പൂന്തോപ്പ് സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സിവിൽ എൻജിനീയറും ഹോക്കി അസോസിയേഷൻ ഭാരവാഹിയുമാണ് പിതാവ് സോജി. ടെന്നീസിൽ സംസ്ഥാന താരങ്ങളായ സാനിയയും സെറീനയും സഹോദരങ്ങളാണ്.