ebrahimkutty

പൂച്ചാക്കൽ: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പിതാവ് പി.എസ്.ബാപ്പു, മുൻ രാഷ്ട്രപതി വി.വി.ഗിരിയിൽ നിന്നു ഏറ്റുവാങ്ങിയ താമ്രപത്രം ഹൃദയത്തോട് ചേർത്ത് പിടിക്കുകയാണ് പാണാവള്ളി പടിക്കലപ്പറമ്പ് വീട്ടിൽ ഇബ്രാഹിംകുട്ടി.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് 1972 ആഗസ്റ്റ് 15 ന് വൈകിട്ട് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. നിറഞ്ഞ സദസിനെ സാക്ഷി നിറുത്തി, ഇന്ദിരാഗാന്ധി, കെ.കരുണാകരൻ, പനമ്പിള്ളി ഗോവിന്ദമേനോൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ വി.വി.ഗിരിയിൽ നിന്നു ബാപ്പ ആദരം ഏറ്റുവാങ്ങിയപ്പോൾ ഉയർന്ന കരഘോഷം ഇപ്പോഴും ഇബ്രാഹിം കുട്ടിയുടെ ചെവിയിലുണ്ട്.

പിതാവിന്റെ ആഗ്രഹപ്രകാരം ഉമ്മയും ഇബ്രാഹിം കുട്ടി ഉൾപ്പെടെ ഏഴു മക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളായ എട്ടു പേരെയാണ് അന്ന് ആദരിച്ചത്. ബലിപെരുന്നാളും റംസാനും പോലെയായിരുന്നു വീട്ടിൽ സ്വാതന്ത്ര്യ ദിനവും റിപ്പബ്ളിക് ദിനവും ആഘോഷിച്ചിരുന്നത്. വന്ദേമാതരവും ദേശീയ ഗാനവും ശുദ്ധിയോടെ ചൊല്ലാൻ പിതാവ് പഠിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ സമ്പന്ന കുടുംബമായ പാലിയത്താഴത്ത് വീട്ടിൽ നിന്നു ബാപ്പു കളമശേരിയിലേക്ക് താമസം മാറ്റിയത് ബിസിനസ് കാര്യങ്ങൾക്കായിരുന്നു. എന്നാൽ പനമ്പള്ളി ഗോവിന്ദമേനോനുമായുള്ള സൗഹൃദമാണ് സ്വാതന്ത്ര്യ സമരങ്ങളിലേക്ക് അടുപ്പിച്ചത്. പിന്നീട് സമരമുഖങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറി. നിരവധി തവണ കൊടിയ മർദ്ദനവും ജയിൽവാസവും അനുഭവിച്ചു. ഒളിവിൽ കഴിയുന്നത് അപമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ജ്യേഷ്ഠ സഹോദരൻ മുഹമ്മദാലിയുടെ വിയോഗ ശേഷമാണ്, കുടുംബ കാരണവർ എന്ന നിലയിൽ ഇബ്രാഹിം കുട്ടിയുടെ കയ്യിലേക്ക് താമ്രപത്രം കിട്ടിയത്. കളമശേരി എച്ച്.എം.ടി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന, പാണാവള്ളിയിൽ താമസിക്കുന്ന മൂത്ത മകനും കോൺഗ്രസ് നേതാവുമായ സെൻമോന്റെ വീട്ടിൽ വിശ്രമജീവിതത്തിലാണ് ഇബ്രാഹിംകുട്ടി. പാണാവള്ളി കീറ്റോടി വീട്ടിൽ സൈനബയാണ് ഭാര്യ.