ambala

അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ദിവസങ്ങളായി ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിയായ വിനോദിന് (43) വീട്ടിലെത്താൻ 'ഹെൽപ്പി'ന്റെ കൈത്താങ്ങ്.

ചികിത്സ കഴിഞ്ഞ് നാട്ടിൽ പോകാൻ മാർഗ്ഗമില്ലാതെ വന്നതോടെ ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് വിവരമറിയിച്ചതോടെ സന്നദ്ധ കൂട്ടായ്മയായ ഹെൽപ്പിന്റെ പ്രവർത്തകർ യാത്രയ്ക്കുള്ള സൗകര്യമൊരുക്കി. തുടർന്ന് ഹെൽപ്പ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കൊല്ലംപറമ്പ്, സെക്രട്ടറി രാജേഷ് സഹദേവൻ,കോ- ഓർഡിനേറ്റർ നിസാർ വെള്ളാപ്പള്ളി, അഡ്വ. ധന്യ രാജേഷ്, ഷിതാ ഗോപിനാഥ് എന്നിവർ ചേർന്ന് വിനോദിന് ചെന്നൈയിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റും ഏർപ്പാടാക്കി.

പിന്നീട് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ ഹെൽപ്പ് പ്രവർത്തകർ വിനോദിനെ യാത്രയാക്കി. കാലിന് ഒടിവ് സംഭവിച്ച വിനോദിന് ഹെൽപ്പ് പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരം ചെന്നൈ വരെ ആർ.പി.എഫ് സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ എ.കെ. പ്രിന്റ് , ആർ.പി.എഫ് ചെന്നൈ സർക്കിൾ ഇൻസ്പെക്ടർ ശിവനേശ്വർ എന്നിവരുടെ സഹായവും ലഭിച്ചു. സഹായിച്ചവരോട് നന്ദി പറഞ്ഞാണ് വിനോദ് മടങ്ങിയത്.