a
തെക്കേക്കരയിൽ നടത്തിയ കോൺഗ്രസ് പ്രവർത്തക കുടുംബ സംഗമം മുൻ മണ്ഡലം പ്രസിഡന്റ് ആർ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്തപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസ് സമാന്തര യോഗം.

കോൺഗ്രസ് പ്രവർത്തക കുടുംബ സംഗമം എന്ന പേരിൽ ഒരു വിഭാഗം നടത്തിയ സമാന്തര യോഗത്തിൽ നിന്ന് മണ്ഡലം പ്രസിഡന്റുമാരും നിയോജക മണ്ഡലം, ജില്ലാ ഭാരവാഹികളും വിട്ടുനിന്നു. സമാന്തര കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കാനുള്ള വിമതവിഭാഗത്തിന്റെ മുന്നൊരുക്കമായാണ് പ്രവർത്തക കുടുംബ സംഗമത്തെ വിലയിരുത്തുന്നത്. 19 വാർഡുകളുള്ള തെക്കേക്കര പഞ്ചായത്തിൽ രണ്ടുവാർഡുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ഇക്കാരണത്താൽ മണ്ഡലം പ്രസിഡന്റുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചത്. എന്നാൽ ജില്ലാ നേതൃത്വം നേതൃത്വമാറ്റമെന്ന ആവശ്യം നിരാകരിക്കുകയും പകരം മണ്ഡലത്തിലെ പ്രവർത്തനം നിയന്ത്രിക്കാൻ പത്തംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കാമെന്ന ഉപാധി വയ്ക്കുകയും ചെയ്തിരുന്നു.

പ്രവർത്തക കുടുംബ സംഗമം മുൻ മണ്ഡലം പ്രസിഡന്റ് ആർ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷനായി. മണ്ഡലം മുൻ പ്രസിഡന്റ് പി.രാജു, മുൻ പഞ്ചായത്ത് അംഗം വി.ഹരികുമാർ, കെ.രാധാകൃഷ്ണൻ നായർ, ബിനു കല്ലുമല, എസ്.അയ്യപ്പൻപിള്ള തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിൽ നിന്നുള്ള ഡി.സി.സി ജനറൽ സെക്രട്ടറി സുധീർ, മണ്ഡലം പ്രസിഡന്റുമാരായ ബിജു വർഗീസ്, രാമദാസ് എന്നിവർ വിട്ടുനിന്നു. നിയോജക മണ്ഡലം, ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തില്ല.