ആലപ്പുഴ: കൊവിഡ് പ്രതിസന്ധിക്കിടെ നിറുത്തലാക്കിയ മെമു ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. മുമ്പ് എറണാകുളത്ത് നിന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയും കൊല്ലത്തേക്ക് മെമു സർവീസുണ്ടായിരുന്നു. മറ്റ് ട്രെയിനുകൾ സർവീസ് തുടങ്ങിയിട്ടും മെമു പാസഞ്ചർ ആരംഭിച്ചില്ല.
നിലവിൽ ആലപ്പുഴയിൽനിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ധൻബാദ് എക്‌സ്‌പ്രസാണ് എറണാകുളം ഭാഗത്തേക്കുള്ള ആദ്യ ട്രെയിൻ. 6.20ന് ഏറനാട് എക്‌സ്‌പ്രസുമുണ്ട്. ഈ രണ്ട് ട്രെയിനുകളിലാണ് എറണാകുളം, തൃശൂർ പ്രദേശങ്ങളിൽ ജോലിചെയ്യുന്നവർ യാത്രചെയ്യുന്നത്. ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു 7.40ന് ആണ് എറണാകുളത്തേക്ക് പോയിരുന്നത്. ഒമ്പതോടെ അവിടെയത്തും. 9.10ന് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനിന് കണക്ഷനായാണ് സർവീസ് നടത്തിയിരുന്നത്. കണക്‌ട് ചെയ്യുന്നതുകൊണ്ടുതന്നെ കൊല്ലത്തുനിന്ന് കയറുന്ന ഒരാൾക്ക് തൃശൂർ, പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമായിരുന്നു. വൈകിട്ട് 4.40ന് എറണാകുളത്തുനിന്ന് തിരിച്ചും സർവീസുണ്ട്. പാസഞ്ചർ സർവീസ് തുടങ്ങിയാൽ ധൻബാദ്, ഏറനാട് എക്‌സ്‌പ്രസുകളിലെ വലിയ തിരക്കിനും പരിഹാരമാകും.
വലഞ്ഞ് യാത്രക്കാർ
റെയിൽവേ സ്റ്റേഷനുകളിൽ നേരിട്ട് ടിക്കറ്റ് എടുക്കുന്ന സംവിധാനം പുനരാരംഭിച്ചിട്ടില്ല. സീസൺ ടിക്കറ്റുകളുമില്ല. ഓൺലൈൻ റിസർവേഷൻ മാത്രമാണ് ഏക ആശ്രയം. മുമ്പ് തീരദേശ പാതകളിൽ ഓടിയിരുന്ന പല ബസ് സർവീസുകളും വെട്ടിക്കുറച്ചു. പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് ട്രെയിനുകൾ നിർത്തുന്നത്. ഇതു മൂലം അധികപ്പണം ചിലവഴിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണെന്ന് യാത്രക്കാർ പറയുന്നു.
പുതിയ മെമു ട്രെയിനുകളിൽ ഒന്നുമാത്രമാണ് തിരുവനന്തപുരം ഡിവിഷനിലേക്ക് അനുവദിച്ചത്. ഒരു ട്രെയിൻ കൂടി അനുവദിച്ച് ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ പുനരാരംഭിക്കണം. ആലപ്പുഴയിൽ സാധാരണ രീതിയിൽ കൗണ്ടർ ടിക്കറ്റ് ലഭ്യമാക്കണം. കൂടാതെ നിലവിലുണ്ടായിരുന്ന സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്താനുള്ള സംവിധാനം കൂടി റെയിൽവേ ഒരുക്കണം
- റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ