ജലഗതാഗതത്തിനും തടസമാകുന്നു
ആലപ്പുഴ: 2018ലെ പ്രളയത്തിനു ശേഷം വേമ്പനാട്ടു കായലിൽ എക്കൽ ശേഖരം വർദ്ധിച്ചതോടെ ചില ഭാഗ്ളിൽ ചതുപ്പു നിലങ്ങൾ രൂപപ്പെട്ടു . മുഹമ്മ,തണ്ണീർമുക്കം,പൂച്ചാക്കൽ ഭാഗത്താണ് എക്കൽ ശേഖരം കൂടുതൽ . ഇവിടെ ചിലഭാഗങ്ങളിൽ എക്കലിൽ പുല്ലു വളർന്നാണ് ചിറ രൂപപ്പെട്ടത്.
എക്കൽ ശേഖരം മൂലം കായലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കു കുറയുന്നുണ്ട്. കായലിൽ എക്കൽ അടിയുന്നത് ജലഗതാഗതത്തിനും തടസമുണ്ടാക്കുന്നു. ഗതാഗതബോട്ടുകൾക്കും ഇതുകാരണം കേടുപാടുകൾ സംഭവിക്കുന്നു.
ആഴം കുറഞ്ഞ ഭാഗങ്ങൾ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വേനൽക്കാലം എത്തുന്നതോടെ കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് കായലോര മേഖലകളിലെ കർഷകരെ ആശങ്കിലാഴ്ത്തുന്നുണ്ട്.കായലോ കരയോ എന്ന് സംശയം തോന്നുംവിധം കിലോമീറ്ററുകളോളം എക്കൽ കയറി ഇല്ലാതാവുകയാണ് വേമ്പനാട് കായൽ. കായൽ കരയായി മാറിത്തുടങ്ങിയതോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. ഒരു വർഷത്തിനിടെ കായലിന്റെ വിസ്തൃതി 30 ശതമാനത്തിലധികമാണ് കുറഞ്ഞത്.
പഠനം വ്യക്തം
വേമ്പനാട് കായലിൽ എക്കൽ അടിഞ്ഞ് ആഴക്കുറവുണ്ടാകുന്നതു കായലിന്റെ നിലനിൽപിനു ഭീഷണിയെന്നു കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ആലപ്പുഴ മുതൽ തണ്ണീർമുക്കംവരെയും തണ്ണീർമുക്കം മുക്കം മുതൽ കൊച്ചിവരെയും രണ്ട് ഘട്ടമായാണു പഠനം നടത്തിയിരുന്നത്. വലിയ മാറ്റമാണു കായലിനുണ്ടായതെന്നു പഠനത്തിൽ കണ്ടെത്തിയിരുന്നു. 7 മീറ്റർ ആഴമുണ്ടായിരുന്ന പലഭാഗങ്ങളിലും ഒന്നര മുതൽ 3 മീറ്റർ വരെയാണു നിലവിൽ ആഴം.വേലിയിറക്ക സമയത്തു തീരപ്രദേശങ്ങളിൽ കായൽ ഒരുപാട് ഉൾവലിഞ്ഞിട്ടുണ്ട്.
മത്സ്യസമ്പത്തിലും കുറവ്
മത്സ്യലഭ്യത കുറയുന്നതും വൻതോതിൽ എക്കൽ അടിഞ്ഞ് ആഴംകുറയുന്നതും മത്സ്യത്തൊഴിലാളികളെയും അനുബന്ധതൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്നു. ആഴക്കുറവും മാലിന്യവും മത്സ്യ-കക്ക സമ്പത്തിനു ഭീഷണിയുണ്ടാക്കും. നീട്ടുവല, ഊന്നിവല,വീശുവല, ചീനവല തുടങ്ങിയ മാർഗങ്ങളാണു തൊഴിലാളികൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്. സുലഭമായിരുന്ന കരിമീൻ,കൊഞ്ച്, ഞണ്ട്, മഞ്ഞക്കൂരി, കൊഴുവ, ചെമ്മീൻ, നന്തൻ, കണമ്പ്, കുറിച്ചി തുടങ്ങിയവ പേരിനുമാത്രമാണ് ഇപ്പഓൾ ലഭിക്കുന്നത്.
"എക്കൽ അടിഞ്ഞു കായലിന്റെ ആഴം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കൈയേറ്റവും മലിനീകരണവുമാണ് പ്രധാന കാരണം. എക്കൽ പ്രദേശം മത്സ്യത്തൊഴിലാളികളെയും കടത്തുമാർഗങ്ങളെയും ദുരിതത്തിലാക്കുന്നു. വേനൽ കടുത്താൽ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറയും.
(ഡോ. കെ.ജി. പദ്മകുമാർ,കായൽ നില ഗവേഷണ കേന്ദ്രം ഡയറക്ടർ)