ration

 ഇ പോസ് മെഷീൻ തകരാർ പതിവ്

ആലപ്പുഴ: സെർവർ തകരാർ തുടർക്കഥയായതോടെ റേഷൻ കടകളിലെ ഇ പോസ് മെഷീനുകൾ പണിമുടക്കുന്നത് പതിവായി. ഇതോടെ കടക്കാരും റേഷൻ ഉപഭോക്താക്കളും തമ്മിൽ വഴക്കുണ്ടാകാത്ത ദിവസങ്ങളില്ലെന്ന അവസ്ഥയാണ്.

മൂന്ന് ദിവസമായി നെറ്റ്തകരാർ മൂലം റേഷൻ വിപണനം പ്രതിസന്ധിയിലാണ്. ജില്ലയിൽ തീരദേശത്ത് പ്രവർത്തിക്കുന്ന റേഷൻകടകളിലാണ് പ്രശ്നം രൂക്ഷം. ശനി, തിങ്കൾ ദിവസങ്ങളിൽ വൈഫൈ നെറ്റ് വർക്കിൽ ഭാഗികമായാണ് ഇ-പോസ് പ്രവർത്തിച്ചതെങ്കിലും ഇന്നലെ സെർവർ പൂർണ്ണമായും തകരാറിലായി. റേഷൻ വാങ്ങാൻ എത്തുന്നവർ ബഹളം കൂട്ടുമ്പോൾ കടയടച്ചാണ് വ്യാപാരികൾ തടിയൂരുന്നത്. ഡയറക്ടറേറ്റിൽ അന്വേഷിച്ചപ്പോൾ സെർവർ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന അറിയിപ്പാണ് ലഭിക്കുന്നതത്രെ. ഇ-പോസ് മെഷീനിൽ രേഖപ്പെടുത്താതെ റേഷൻ വിതരണം നടത്തിയാൽ അത് അനധികൃതമാകും. സെർവർ തകരാറിലായാൽ ഒരു കിലോ അരിയെങ്കിലും ലഭിക്കണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരും.

ഇ-പോസ് മെഷീൻ ആരംഭിച്ച 2018 മുതൽ ഇതാണ് അവസ്ഥ. സംസ്ഥാനത്തെ റേഷൻ കടകളെയും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളെയും എഫ്.സി.ഐ അടക്കമുള്ള പൊതുവിതരണ സംവിധാനത്തിലെ ഗോഡൗണുകളെയും ബന്ധപ്പെടുത്തിയാണു സെർവറിന്റെ പ്രവർത്തനം. ഒരേസമയം ഇവയെല്ലാം പ്രവർത്തിക്കുമ്പോൾ താങ്ങാനുള്ള ശേഷി സെർവറിനില്ല. ഈ മാസത്തെ റേഷൻ വിതരണം തീരാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. അതിനാൽ ആളുകൾ കൂട്ടത്തോടെ കടകളിലെത്തുന്നുണ്ട്. പ്രായമായവരുൾപ്പെടെ രണ്ടും മൂന്നും തവണ റേഷൻ കടകളിൽ എത്തേണ്ട സാഹചര്യമാണുള്ളത്.

 വിതരണം നീട്ടും

ഇ-പോസ് തകരാറായതിനാൽ ഈ മാസത്തെ റേഷൻ വിഹിതം അടുത്ത മാസം ആദ്യ ആഴ്ച കൂടി വിതരണം ചെയ്യുമെന്നാണറിയുന്നത്. ഈ വിവരം പറഞ്ഞാലും കാർഡ് ഉടമകൾക്ക് അത്ര വിശ്വാസമില്ലെന്നാണ് കടക്കാർ പരിതപിക്കുന്നത്. റേഷൻ സാധനങ്ങളുടെ അനധികൃത വില്പന തടയുക, റേഷൻ സാധനങ്ങൾ അർഹരായവർക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയ്ക്ക് വേണ്ടിയാണ് സംസ്ഥാനത്ത് റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചത്.

 നിയന്ത്രണം ആന്ധ്രയിൽ

നിലവിൽ സംസ്ഥാനത്ത് പ്രത്യേകമായി സെർവർ സംവിധാനമില്ല. രാജ്യത്തെ മുഴുവൻ സെർവറുകളും നിയന്ത്രിക്കുന്നത് ആന്ധ്രയിൽ നിന്നാണ്. സംസ്ഥാനത്തെ 8000 റേഷൻ കടകൾ നിയന്ത്രിക്കാനുള്ള ശേഷി മാത്രമാണ് സെർവറിനുള്ളത്. എന്നാൽ നിലവിൽ പ്രവർത്തിക്കുന്നത് 14,000 കടകളാണ്. ഇതോടെയാണ് റേഷൻ വിതരണം ഏറെ രൂക്ഷമായത്. കഴിഞ്ഞമാസവും സെർവർ തകരാർ പതിവായിരുന്നു.

............

റേഷൻ കടകളിൽ സെർവർ തകരാർ മൂലം വിതരണം സ്ഥിരമായി തടസപ്പെടുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണ്. ഇ പോസ് സംവിധാനം വന്ന് മൂന്നു വർഷം പിന്നിട്ടിട്ടും പരിഹാരമുണ്ടാകാത്തത് ദയനീയമാണ്. കാർഡുടമകളുമായി തർക്കമുണ്ടാവാത്ത ദിവസങ്ങളില്ല. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടക്കവേ സർവർ തകരാറിലാവുന്നത് അങ്ങേയറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടകൾ അടിച്ചിടും

(എൻ.ഷിജീർ,കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി)