repu

ആലപ്പുഴ: ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും കൂടുതൽ സംഭാവനകൾ നൽകാനും മുന്നിൽ നിൽക്കുന്ന പാരമ്പര്യമാണ് കേരളത്തിനെന്ന് മന്ത്റി ജി.സുധാകരൻ പറഞ്ഞു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന 72- ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്ന് വിഘടനവാദം ഒരിക്കലും ഉണ്ടായിട്ടില്ല. കേരളം കേരളത്തിനു വേണ്ടി മാത്രമാണെന്ന് ഒരു രാഷ്ട്രീയ നേതൃത്വമോ നിയമ നിർമ്മാണ സഭകളോ ഇന്നുവരെ പറഞ്ഞിട്ടില്ല. എന്നാൽ പല സംസ്ഥാനങ്ങളുടെയും സ്ഥിതി വ്യത്യസ്തമാണ്. വള്ളത്തോൾ ആദ്യം പാടിയത് ഭാരതത്തെക്കുറിച്ചാണ്. രണ്ടാമതാണ് കേരളത്തെക്കുറിച്ച് പരാമർശിക്കുന്നത്. കേന്ദ്ര,സംസ്ഥാന ബന്ധം ഇതിൽ നിന്നും മനസ്സിലാക്കാം. സ്വാതന്ത്റ്യത്തിനു മുമ്പ് എഴുതിയ കവിതയാണിത് എന്നോർക്കണം. കവികൾ പ്രവാചകന്മാരാണെന്നും കാലാതീതമായി അവർ പ്രഖ്യാപനങ്ങൾ നടത്തുമെന്നും പറയുന്നത് ഇതുകൊണ്ടാണെന്നും മന്ത്റി ചൂണ്ടിക്കാട്ടി.
രാവിലെ എട്ടരയോടെ പൊലീസ് അകമ്പടിയോടെ മൈതാനിയിൽ എത്തിയ മന്ത്റിയെ ജില്ലാ കളക്ടർ എ.അലക്‌സാണ്ടറും ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മന്ത്റി ദേശീയ പതാക ഉയർത്തി. എ .എം. ആരിഫ് എം .പി, ഷാനിമോൾ ഉസ്മാൻ എം. എൽ. എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്‌സൺ സൗമ്യ രാജ്, സബ് കളക്ടർ എസ്. ഇലക്യ, മുൻ എം.എൽ.എ എ.എ.ഷുക്കൂർ, നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ക്ഷേമ കാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ഷാനവാസ്, കൗൺസിലർമാരായ റീഗോ രാജു, എം.ആർ.പ്രേം , ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.