ആലപ്പുഴ:നീന്തൽ , സൈക്ളിംഗ്,ഓട്ടം എന്നിവ കൂട്ടിക്കലർത്തിയുള്ള ,ശാരീരിക ക്ഷമത ഏറെ ആവശ്യമുള്ള കായിക ഇനമായ ട്രയാത്തലണിൽ റിക്കാഡ് ലക്ഷ്യമിട്ട് രണ്ട് ആലപ്പുഴക്കാർ .ജനുവരി 30 നാണ് ചരിത്രത്തിലേക്കുള്ള ബിനീഷ് തോമസിന്റെയും ചന്തുസന്തോഷിന്റെയും പ്രകടനം.
നീന്തലിൽ 3.9 കിലോമീറ്ററും സൈക്ളിംഗിൽ 180.2 കിലോമീറ്ററും തുടർന്ന് 42.21 മീറ്റർ ഓട്ടവുമാണ് ഇവരുടെ പ്രകടനത്തിൽ ഉൾപ്പെടുക.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഇവ പൂർത്തിയാക്കി യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിന്റെ ( യു.ആർ.എഫ്) ദേശീയ റിക്കാർഡാണ് ഇരുവരുടെയും ലക്ഷ്യമെന്ന്
ആലപ്പുഴ ഡിസ്ട്രിക്റ്റ് ഒളിംപിക് അസോസിയേഷൻ ചെയർമാൻ വി.ജി.വിഷ്ണു വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെടുമുടിയിൽ നിന്ന് രാവിലെ 6 മണിക്ക് ആരംഭിക്കുന്ന പ്രകടനം വൈകിട്ട് 8.30 ന്ആലപ്പുഴ ബീച്ചിൽ സമാപിക്കുമ്പോൾ ഇവരുടെ കൈകളിലേക്ക് ചരിത്ര നേട്ടം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
തുടർന്ന് നടക്കുന്ന യോഗം മന്ത്റി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി. എസ് .എം ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കായിക താരങ്ങളായ ചന്തു സന്തോഷ്, ബിനീഷ് തോമസ്, ഒളിംപിക് അസോസിയേഷൻ കൺവീനർ സി.ടി.സോജി തുടങ്ങിയവരും പങ്കെടുത്തു.