ആലപ്പുഴ: നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ഇവയെ നിയന്ത്രിക്കാനുള്ള എ.ബി.സി പദ്ധതിക്ക് (ആനിമൽ ബർത്ത് കൺട്രോൾ) തുടക്കമായി.
വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടാൻ തുടങ്ങി. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള, പരിശീലനം ലഭിച്ച ഏജൻസികളെയാണ് നിയോഗിച്ചിരിക്കുന്നത്. പിടികൂടിയ നായ്ക്കളെ വന്ധ്യംകരണത്തിനായി കണിച്ചുകുളങ്ങരയിലെ ഗവ. വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് ദിവസത്തോളം നായ്ക്കളെ നിരീക്ഷിച്ച് മുറിവുണങ്ങിയെന്ന് ഉറപ്പായാൽ പിടികൂടിയ സ്ഥലത്തുതന്നെ ഇവയെ വിടും. ഇതിനായി പ്രത്യേക റൂട്ട് മാപ്പും മൊബൈൽ ആപ്പിലൂടെ സജ്ജമാക്കിയിട്ടുണ്ട്.
ചെയർപേഴ്സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ് തുടങ്ങിയവർ പദ്ധതി പ്രവർത്തനം വിലയിരുത്തി. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്തതിനെ തുടർന്നാണ് നടപടി. വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാനായി പ്രത്യേക ടാഗ് നൽകും. കൂടാതെ വളർത്ത് നായ്ക്കൾക്ക് ലൈസൻസ് നൽകുന്നതും നഗരസഭയുടെ പരിഗണനയിലുണ്ടെന്ന് പി.എസ്.എം. ഹുസൈൻ പറഞ്ഞു.