tv-r

തുറവൂർ: ദേശീയപാതയിൽ തുറവൂർ ജംഗ്ഷനിലെ തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും കാണണമെങ്കിൽ പകൽ വെളിച്ചത്തിലെത്തണം. അന്തി മയങ്ങിയാൽ ഇവയെല്ലാം ഉറക്കത്തിലാവും! ഒരു ഡസനിലധികം തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും ഒന്നുപോലും തെളിയുന്നില്ല എന്നതാണ് 'കാഴ്ച' മറയ്ക്കുന്നത്. 2014ൽ കെ.സി.വേണുഗോപാൽ എം.പിയുടെ വികസന ഫണ്ടിലുൾപ്പെടുത്തി 5 ലക്ഷം മുടക്കിയാണ് എൽ.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

സിഗ്നൽ പോസ്റ്റിനരികിലും റോഡിന്റെ ഇരുഭാഗങ്ങളിലെ മീഡിയനുകളി

ലുമാണ് തെരുവ് വിളക്കുകളുള്ളത്. രാത്രിയിൽ കടകളടച്ചു കഴിഞ്ഞാൽ ജംഗ്ഷൻ പൂർണ്ണമായും ഇരുട്ടിലാവും. 6 മാസത്തോളമായി കവല ഇരുട്ടിലായിട്ടും അധികൃതർ ഒന്നും കാണുന്നില്ല. നാലുവരി ദേശീയപാതയിൽ നാലുംകൂടിയ, തിരക്കേറിയ പ്രധാന സിഗ്നൽ ജംഗ്ഷനാണ് തുറവൂർ കവല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും പരസ്യബോർഡുകൾ നിറഞ്ഞ തെരുവ് വിളക്കുകളും കണ്ണടച്ചതോടെ കൂരിരുട്ടിലാണ് ജംഗ്ഷൻ.

പ്രദേശവാസികൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി നിത്യേന ആയിരക്കണക്കിന് ആളുകളാണ് ജംഗ്ഷനിൽ വന്നു പോകുന്നത്. അസ്തമനം കഴിഞ്ഞാൽ കവലയിൽ കാൽനടയാത്രക്കാർ ഇരുട്ടിൽ തപ്പി നടക്കേണ്ട അവസ്ഥയാണിപ്പോൾ. ദേശീയപാതയിലൂടെ കടന്നു പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ ട്രാഫിക് സിഗ്നൽ കണ്ട് നിറുത്തിയിടുന്നത് ഇരുട്ടിലാണ്. റോഡ് മറികടക്കാൻ കാൽനടയാത്രികരും വല്ലാതെ ബുദ്ധിമുട്ടുന്നു. സിഗ്നലിലേക്കുള്ള കറണ്ട് പോയാൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നത് നിത്യ കാഴ്ചയാണ്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.

 വെളിച്ചം കൊതിച്ച്

ബ്ലോക്ക് പഞ്ചായത്ത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച വഴിവിളക്കുകളും വെറുതെയായി. പ്രകാശിക്കാത്ത വഴിവിളക്കുകളുടെ തകരാർ പരിഹരിക്കാതെ, പരസ്യബോർഡുകൾ സ്ഥാപിച്ചു നേട്ടമുണ്ടാക്കുന്ന കരാറുകാരനെതിരെ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സിഗ്നലിന് തെക്കോട്ടും വടക്കോട്ടുമുള്ള, വെളിച്ചം കുറവുള്ള വഴികളിൽ യാത്രക്കാർക്ക് തെല്ലൊരാശ്വാസമായിരുന്നു ലൈറ്റുകൾ. ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് തുറവൂർ പഞ്ചായത്തിനാണ്.

..........................

തിരക്കേറിയ തുറവൂർ ജംഗ്ഷനിലെ വഴിവിളക്കുകൾ പണിമുടക്കിയതോടെ യാത്രക്കാർ വളരെയധികം ദുരിതമാണ് അനുഭവിക്കുന്നത്. കവലയുടെ ഇരുട്ടകറ്റാൻ അധികൃതർ കാലതാമസം വരുത്തുന്നത് പ്രതിക്ഷേധാർഹമാണ്

ഷാബു ഗോപാൽ, സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് തുറവൂർ മേഖല കമ്മിറ്റി

...............................

ഹൈമാസ്റ്റ് ലൈറ്റും തെരുവ് വിളക്കുകളും പ്രകാശിപ്പിക്കാനുള്ള നടപടി വൈകാതെ ഉണ്ടാകും. പുതിയ ഭരണസമിതി ഇക്കാര്യം ചർച്ച ചെയ്തു

മോളി രാജേന്ദ്രൻ, പ്രസിഡന്റ്, തുറവൂർ ഗ്രാമപഞ്ചായത്ത്