അമ്പലപ്പുഴ: മുത്തച്ഛന്റ കല്ലറയിലേക്ക് അമ്മൂമ്മയുമൊത്ത് വള്ളത്തിൽ സഞ്ചരിക്കവേ, ഹൗസ്ബോട്ടിന്റെ ഓളത്തിൽ മറിഞ്ഞ വള്ളത്തിൽ നിന്ന് ആറ്റിൽ മുങ്ങിയ അമ്മൂമ്മയെ മുങ്ങിയെടുത്ത ചെറുമകന് ധീരതയ്ക്കുള്ള, രാഷ്ട്രപതിയുടെ പുരസ്കാരം.
പുന്നപ്ര തെക്ക് പഞ്ചായത്ത് 17-ാം വാർഡ് പുത്തൻപുരയ്ക്കൽ റോബർട്ട് - ജിൻസി മോൾ ദമ്പതികളുടെ മകൻ 13 വയസുകാരൻ റോജിനാണ് ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. അമ്മൂമ്മ മറിയമ്മയ്ക്കൊപ്പം യാത്ര ചെയ്യുമ്പോൾ പുന്നപ്ര തെക്ക് കരിമ്പാളവ് ആറ്റിലാണ് വള്ളം മറിഞ്ഞത്. ഇരുവരും മുങ്ങിത്താഴ്ന്നു. മുകളിലെത്തിയ റോജിൻ അമ്മൂമ്മയെ കാണാതായതോടെ വീണ്ടും മുങ്ങി അമ്മൂമ്മയുടെ കൈ പിടിച്ച് പതച്ച് വള്ളത്തിനടുത്തെത്തി. തുടർന്ന് ഇരുവരും വള്ളത്തിൽ പിടിച്ച് തീരത്തടുപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. 2019 ജനുവരി 27ന് രാവിലെ ചെമ്പുംപുറത്തെ സെൻ്റ് സെബാസ്റ്റൻ പള്ളിയിലേക്കു പോകുമ്പോഴായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രിയോടെ ആണ് പുരസ്കാര വിവരം വീട്ടിലറിയുന്നത്. അവാർഡു ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് റോജിൻ പറഞ്ഞു.