ചേർത്തല: നിയമസഭാ തിരഞ്ഞെടുപ്പിന് സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയ നേതാക്കളുമായി വെള്ളാപ്പള്ളി ഒരു മണിക്കൂറോളം ചർച്ച നടത്തി.അഞ്ച് വർഷത്തോളമായി യു.ഡി.എഫുമായി അകന്നു നിൽക്കുന്ന വെള്ളാപ്പള്ളിയെ അനുനയിപ്പിക്കുന്നതിനായി ഉന്നത നേതാക്കളുടെ നിർദ്ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ 24 വർഷമായി ജില്ലയിലെ കോൺഗ്രസ് നേതാക്കൾ തന്നെയും സമുദായത്തേയും വേട്ടയാടുന്നതിലുള്ള അമർഷവും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചതിലുള്ള പരിഭവവും ,കണിച്ചുകുളങ്ങരയിലെ തന്റെ വീട്ടിൽ നേതാക്കൾ വരരുതെന്ന് ചിലർ തിട്ടൂരമിറക്കിയ വിവരവും കൂടിക്കാഴ്ചയിൽ വെള്ളാപ്പള്ളി നേതാക്കളെ ധരിപ്പിച്ചതായാണ് വിവരം. സംവരണമടക്കമുള്ള വിഷയങ്ങളിലെ സമുദായത്തിന്റെ നിലപാടുകൾ വെള്ളാപ്പള്ളി അവതരിപ്പിച്ചു. എല്ലാവരെയും കാണുന്ന കൂട്ടത്തിൽ എത്തിയതാണെന്നായിരുന്നു നേതാക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.