ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തെപ്പൂയ ഉത്സവം ഇന്ന് ആചാരപരമായി നടക്കും. ആഘോഷങ്ങളും വാദ്യമേളങ്ങളും പൂർണമായും ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം കാവടി സ്വാമിമാരെ ക്ഷേത്രത്തിൽ എത്തിക്കേണ്ടതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.

സാമൂഹിക അകലം പാലിക്കണം. കാവടി സ്വാമിമാർക്കൊപ്പം പരമാവധി 50 പേരിൽ കവിയരുത്. കാവടി നിറയുള്ള ക്ഷേത്ര കമ്മിറ്റികളും ക്ഷേത്ര ഉപദേശക സമിതിയും തമ്മിലുള്ള ധാരണ പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയത്ത് കാവടികൾ ക്ഷേത്രത്തിൽ എത്തി അവരവർക്ക് അനുവദിച്ചിട്ടുള്ള സമയത്ത് അഭിഷേകം നടത്തണം. കൂടുതൽ സ്വാമിമാരുള്ള ക്ഷേത്ര കമ്മിറ്റികൾ ആൾക്കൂട്ടം ഒഴിവാക്കാൻ ചെറു സംഘങ്ങളായി തിരിഞ്ഞു ക്ഷേത്രത്തിലെത്തണം.

കാവടികൾക്ക് നാലമ്പലത്തിൽ പ്രവേശനമില്ല. നാലമ്പലത്തിനു വടക്കും തെക്കുമുള്ള നടപ്പന്തലുകളിൽ കാവടികളിൽ നിന്നു നിറ അഴിച്ച് അതതു കമ്മിറ്റികളുടെ ഉത്തരവാദിത്വത്തിൽ അഭിഷേകത്തിനായി അകത്ത് എത്തിക്കണം. അനുവദിച്ച സമയത്ത് സ്വാമിമാർക്കും കമ്മിറ്റി അംഗങ്ങൾക്കും ദർശനം നടത്താം. അഭിഷേകത്തിന് ആവശ്യമായിട്ടുള്ള പാത്രങ്ങൾ അതതു ക്ഷേത്ര കമ്മിറ്റികൾ കൊണ്ടുവരണം. സ്വാമിമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ അല്ലാതെ ആരെയും തൈപ്പൂയ ദിവസം നാലമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനുള്ളിൽ പഞ്ചഗവ്യ വിതരണവും ഉണ്ടായിരിക്കില്ല. ശൂലക്കാവടി പൂജിച്ച് നൽകുകയോ ക്ഷേത്രമതിലിനകത്ത് പ്രവേശിപ്പിക്കുകയോ ഇല്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.