s

നിർമ്മാണം പൂർത്തീകരിക്കാൻ ഇന്ന് ധാരണാപത്രം ഒപ്പിടും

ആലപ്പുഴ: ഇ.എം.എസ് സ്റ്റഡിയത്തിൽ ബാക്കിനിൽക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ആലപ്പുഴ നഗരസഭയും സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റ് ഒഫ് യൂത്ത് അഫയേഴ്സും ഇന്ന് ധാരണാപത്രം ഒപ്പിടും. കഴിഞ്ഞ ദിവസം കൂടിയ നഗരസഭ കൗൺസിൽ യോഗമാണ് അംഗീകാരം നൽകിയത്.

8.5 കോടിയാണ് സ്റ്റേഡിയത്തിന്റെ പൂർത്തീകരണത്തിന് അനുവദിച്ചിരിക്കുന്നത്. സ്പോർട്സ് ഡയറക്ടറേറ്റ് ഒഫ് യൂത്ത് അഫയേഴ്സുമായി ധാരണാപത്രം ഒപ്പിടുന്നതിലുള്ള തർക്കമായിരുന്നു തുടർപ്രവർത്തനങ്ങൾ മുടങ്ങാൻ കാരണം. സ്പോർട്സ് ഡയറക്ടറേറ്റുമായി ധാരണാപത്രത്തിൽ ഒപ്പിടുമ്പോൾ സ്റ്റേഡിയത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും നഗരസഭയ്ക്ക് നഷ്ടമാകുമെന്ന ആശങ്കയിലായിരുന്നു നഗരസഭ മുൻ നേതൃത്വം. എന്നാൽ അനാഥമായി കിടക്കുന്ന സ്റ്റേഡിയം കായിക താരങ്ങളുടെ പരിശീലന കളരിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ നഗരസഭയുടെ പുതിയ നേതൃത്വം തീരുമാനിച്ചത്.

തുടർ പ്രവർത്തനം നടത്തേണ്ടത് സ്പോർട്സ് വകുപ്പാണ്. നിലവിൽ അനുവദിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ട പ്രവർത്തനം നടത്തിയ ശേഷം ജോയിന്റ് മാനേജ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകി മേൽനോട്ട ചുമതല കൈമാറും.

മാസ്റ്റർ പ്ളാൻ കാണാനില്ല

ജോയിന്റ് മാനേജ്മെന്റ് കമ്മിറ്റിയെ എതിർത്ത കഴിഞ്ഞ യു.ഡി.എഫ് കൗൺസിൽ സ്റ്റേഡിയത്തിന്റെ വികസനം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുന്നതിന് മാസ്റ്റർ പ്‌ളാൻ തയ്യാറാക്കാൻ ആർക്കിടെക്ടിനെ നിയോഗിക്കുന്നതിന് തീരുമാനിച്ചെങ്കിലും ഒന്നരവർഷം കഴിഞ്ഞിട്ടും മാസ്റ്റർ പ്ളാൻ എങ്ങുമെത്തിയില്ല. കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ നേടിയെടുത്ത ശേഷം പണി നടത്തണമെന്നാണ് അന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശത്തെ എതിർത്താണ് മാസ്റ്റർ പ്‌ളാൻ തയ്യാറാക്കാൻ തീരുമാനിച്ചത്. ആയിരക്കണക്കിന് കാണികൾക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ തീപിടിത്തം പോലെയുള്ള അപകടം ഉണ്ടായാൽ രക്ഷപ്പെടാൻ ആവശ്യമായ വഴിയില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു.

ജോയിന്റ് മാനേജിംഗ് കമ്മിറ്റി

സ്ഥലം എം.എൽ.എ രക്ഷാധികാരിയും നഗരസഭാദ്ധ്യക്ഷ ചെയർപെഴ്സണും നഗരസഭാ സെക്രട്ടറി കൺവീനറുമായുള്ള ജോയിന്റ് മാനേജിംഗ് കമ്മിറ്റിയാണ് രൂപീകരിക്കുന്നത്. സ്പോർട്സ് കൗൺസിൽ സെക്രട്ടറി, കളക്ടറുടെ പ്രതിനിധി, സ്പോർട്സ് കൗൺസിൽ നിർദ്ദേശിക്കുന്ന വിദഗ്ദ്ധ പരിശീലകൻ എന്നിവരും കമ്മിറ്റിയിലുണ്ടാവും.

...................................

നഗരസഭ കൺസിൽ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജില്ലയിൽ സിന്തറ്റിക് ട്രാക്ക് ഇല്ലാത്തതിനാൽ ആയിരക്കണക്കിന് കായിക താരങ്ങൾ പരിശീലനത്തിന് പോകുന്നത് എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണ്. ഇ.എം.എസ് സ്റ്റേഡിയം പൂർത്തീകരിക്കുന്നതോടെ വിദഗ്ദ്ധ പരിശീലനം ആവശ്യമുള്ളവർക്ക് ആലപ്പുഴയിൽ തന്നെ നൽകാൻ കഴിയും

വി.ജി.വിഷ്ണു, വൈസ് പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ

..........................................

# 8.5 കോടി ഇങ്ങനെ

 400മീറ്ററിന്റെ സിന്തറ്റിക് ട്രാക്ക്

 ഡ്രസിംഗ് റൂം ആൻഡ് ടോയ്ലറ്റ് സംവിധാനം

 ഫുട്ബോൾ കോർട്ട്

 സ്റ്റേഡിയത്തിന്റെ വടക്ക് പടിഞ്ഞാറെ മൂലയിലെ നാല് കടമുറികൾ നീക്കം ചെയ്യൽ

" ജില്ലയിലെ കായികതാരങ്ങൾക്ക് അത്യന്താധുനിക പരിശീലനം നൽകുന്ന കേന്ദ്രമാക്കി ഇ.എം.എസ് സ്റ്റേഡിയത്തെ മാറ്റാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ധാരണപത്രം സർക്കാരിൽ സമർപ്പിക്കാൻ മന്ത്രി ജി.സുധാകരന് കൈമാറി. ഇന്ന് തിരുവനന്തപുരത്ത് വച്ച് ധാരണാപത്രത്തിൽ ഒപ്പിടും. സൗമ്യാ രാജ്, നഗരസഭാ ചെയർപേഴ്സൺ