s

ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ കൂട്ടിയ കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്ക്, ഇടിച്ചിടിച്ചു കയറുന്ന ഇന്ധനവില മൂലം ഉടനെങ്ങും കുറയ്ക്കാനിടയില്ല. ഗതാഗതം പഴയപടിയാവുന്ന മുറയ്ക്ക് ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നായിരുന്നു സർക്കാർ നിലപാട്. നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ബസുകളിൽ തിരക്കായെങ്കിലും ടിക്കറ്റ് നിരക്കു മാത്രം കുറഞ്ഞില്ല.

കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം കുറഞ്ഞപ്പോഴാണ് ഭീമമായ നഷ്ടത്തിൽ ചെറിയ കുറവെങ്കിലും വരുത്താൻ താത്കാലികമായി ടിക്കറ്റ് നിരക്ക് കൂട്ടിയത്. സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നതിനാൽ ടിക്കറ്റ് നിരക്കിൽ കുറവ് വരുമെന്ന പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ഇന്ധനവിലയിലെ വേലിയേറ്റം കാരണം നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഓട്ടോ- ടാക്സി തൊഴിലാളികളുടെയും നിലപാട്.

ജനുവരി ആരംഭത്തിൽ ലിറ്ററിന് 78.25 രൂപയിൽ നിന്നിരുന്ന ഡീസൽ വില മാസം അവസാനിക്കുമ്പോൾ 81.03ൽ എത്തി. 84.75 ആയിരുന്ന പെട്രോൾ വില 86.85ലുമെത്തി. ഈ നിലയിൽ വില കുതിക്കുകയാണെങ്കിൽ അടുത്ത ഒന്നരമാസത്തിനുള്ളിൽ പെട്രോൾ വില നൂറ് കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഡീസൽ വിലയിലെ വർദ്ധനവ്, പച്ചക്കറിയടക്കമുള്ളവയുടെ വിലക്കയറ്റത്തിനും വഴിയൊരുക്കും. ഒരു മാസത്തിനിടെ എട്ടിലധികം തവണയാണ് ഇന്ധനവിലയിൽ കുതിപ്പുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു നിൽക്കവേയാണ് രാജ്യത്ത് എണ്ണക്കമ്പനികൾ വിലകൂട്ടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ചുങ്കവും ക്രൂ‌ഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിർണയിക്കുന്നത്.

# ഇന്ധനവില (ഇന്നലെ)

 പെട്രോൾ - 86.85

 ഡീസൽ - 81.03

..............................

യാത്രക്കാരുടെ എണ്ണം പഴയപടിയാകുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് കുറയും എന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ യാതൊരു അനക്കവും കാണുന്നില്ല. ഇന്ധനവിലയിൽ ഉണ്ടാകുന്ന വടർദ്ധന മൂലം ഉടനൊന്നും ടിക്കറ്റ് നിരക്ക് കുറയില്ലെന്നാണ് മനസിലാക്കുന്നത്

മനു രവീന്ദ്രൻ, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ