s

ആലപ്പുഴ: നാല് പതിറ്റാണ്ടിനുശേഷം ബൈപാസ് യാഥാർത്ഥ്യമായപ്പോൾ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രായവും കൊവിഡ് മാനദണ്ഡങ്ങളും മറികടന്ന് ജനം ഒഴുകിയെത്തി. ഉദ്ഘാടനത്തിന്റെ തലേനാളായ ബുധനാഴ്ച വൈകിട്ട് തന്നെ, ദീപാലംകൃതമായ ബൈപാസ് കാണാനും ചിത്രങ്ങൾ പകർത്താനും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ എത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനമെന്ന് അറിയിച്ചിരുന്നതെങ്കിലും രാവിലെ 10 മണിയോടെ തന്നെ വേദി കാണികളെക്കൊണ്ട് നിറഞ്ഞ് തുടങ്ങി.

സാമൂഹിക അകലം പാലിച്ച് ഒരേ സമയം നിരവധിപ്പേർക്ക് ചടങ്ങ് കാണാവുന്ന തരത്തിൽ വിശാലമായ പന്തലാണ് ഒരുക്കിയിരുന്നത്. 250 പൊലീസ് സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ബൈപാസിലൂടെയുള്ള ആദ്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ വലിയ ജനക്കൂട്ടമാണ് കളർകോട് ഭാഗത്ത് തടിച്ച് കൂടിയത്. ഉദ്ഘാടനശേഷം ബാരിക്കേഡ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തതോടെ നൂറു കണക്കിന് ഇരുചക്ര വാഹനയാത്രക്കാരും, സ്ത്രീകളും, കുടുംബങ്ങളും, സൈക്കിൾ സവാരിക്കാരായ കുട്ടികളും ആവേശത്തോടെ ബൈപാസിലൂടെ ആദ്യ സഞ്ചാരം നടത്തി. എലിവേറ്റഡ് ഹൈവേ പിന്നിട്ട് ബൈപാസിന്റെ അവസാന കിലോമീറ്ററുകളിലേക്ക് എത്തുമ്പോൾ പാതയുടെ വശങ്ങളിലും നൂറുകണക്കിന് ആളുകളാണ് പൊരിവെയിലിനെയും അവഗണിച്ച് കാഴ്ച്ചക്കാരായി നിന്നിരുന്നത്.