s

ആലപ്പുഴ:ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ ആലപ്പുഴ ബൈപാസ് പൊതുഗതാഗതത്തിനായി തുറന്നുകൊടുത്തു. നാലരപതിറ്റാണ്ടായി മനസിൽ താലോലിക്കുന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന നിമിഷത്തിന് സാക്ഷികളാവാൻ ആലപ്പുഴ നഗരത്തിലെ ജനാവലി കക്ഷിരാഷ്ട്രീയം മറന്ന് കളർകോട്ടെ ഉദ്ഘാടന വേദിക്ക് സമീപം തിങ്ങിക്കൂടി.കേന്ദ്രമന്ത്രി നിതിൻഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് പാതയുടെ ഉദ്ഘാടനം നിർവഹിച്ചത്. വേദിയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ സ്ക്രീനിൽ മുഖ്യമന്ത്രിയും കേന്ദ്രമന്ദ്രിയും ഉദ്ഘാടനം നിർവഹിച്ച ദൃശ്യം തെളിഞ്ഞപ്പോൾ തിങ്ങിക്കൂടിയ ജനം സന്തോഷത്താൽ കരഘോഷം മുഴക്കി.

ഉദ്ഘാടന ചടങ്ങ് കഴിഞ്ഞയുടൻ സ്ത്രീകളടക്കമുള്ളവർ തങ്ങളുടെ വാഹനങ്ങളിൽ ബൈപാസ് വഴി യാത്ര തുടങ്ങി. ബീച്ചിന്റെ സൗന്ദര്യവും അറബിക്കടലിന്റെ നീലിമയും കണ്ട് , കടൽക്കാറ്റേറ്റുള്ള കന്നിയാത്ര ആസ്വദിച്ചതിന്റെ സംതൃപ്തിയായിരുന്നു ഓരോരുത്തരുടെയും മുഖത്ത്.

ബൈപാസ് എന്ന യാഥാർത്ഥ്യത്തെ എത്ര ആവേശത്തോടെയാണ് ജനങ്ങൾ കാത്തിരുന്നതെന്നുള്ളതിന്റെ നേർക്കാഴ്ചയായിരുന്നു തുടർന്നുള്ള കുറെ മണിക്കൂറുകളിൽ കളർകോട് ജംഗ്ഷൻ മുതൽ കൊമ്മാടി ജംഗ്ഷൻ വരെയുള്ള ദൂരത്തിൽ കാണാൻ കഴിഞ്ഞത്. ഇടതടവില്ലാതെ വാഹനങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.

കഷ്ടിച്ച് ഒന്നേകാൽ മണിക്കൂർ കൊണ്ടാണ് വീഡിയോ കോൺഫറൻസ് വഴിയുള്ള ഉദ്ഘാടന ചടങ്ങ് അവസാനിച്ചത്.സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, കേന്ദ്ര പാർലമെന്ററി-വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, മോർത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജനറൽ ഡോ.വി.കെ.സിംഗ്,സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക്, ഭക്ഷ്യ-സിവിൽ സപ്ളൈസ് മന്ത്രി പി.തിലോത്തമൻ,എ.എം.ആരിഫ് എം.പി, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.

ജില്ലയിലെ എം.എൽ.എ മാരായ ആർ.രാജേഷ്,യു.പ്രതിഭ,സജിചെറിയാൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ തുടങ്ങിയവർ സദസിന്റെ മുൻ നിരയിൽ സ്ഥാനം പിടിച്ചു.

ഒരു മണിക്കാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചതെങ്കിലും അര മണിക്കൂർ മുമ്പുതന്നെ പ്രധാന മേൽനോട്ടക്കാരനായ മന്ത്രി സുധാകരൻ വേദിക്ക് സമീപത്ത് നിലയുറപ്പിച്ചു.നിശ്ചയിച്ചതിലും ഏതാനും നിമിഷങ്ങൾ വൈകിയാണ് ചടങ്ങ് തുടങ്ങിയത്. എങ്കിലും പിന്നീട് മിക്ക പ്രാസംഗികരും സമയക്രമം പാലിച്ചതിനാൽ കൃത്യ സമയത്തു തന്നെ ഉദ്ഘാടന ചടങ്ങ് സമാപിച്ചു. തുടർന്ന് മന്ത്രിമാർ പുതിയ ബൈപാസ് വഴി കൊമ്മാടിയിലെത്തി.വികസിപ്പിച്ചെടുത്ത കൊമ്മാടി ജംഗ്ഷൻ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. തിരികെ എത്തിയ ശേഷം കളർകോട് ജംഗ്ഷൻ മന്ത്രി ജി.സുധാകരനും ഉദ്ഘാടനം ചെയ്തു. അതിന് ശേഷമാണ് പൊതുജനങ്ങൾക്ക് ഇതുവഴി പ്രവേശനം അനുവദിച്ചത്.