ആലപ്പുഴ: ഇന്നലെ ഉദ്ഘാടനത്തിന് ശേഷം വാഹനങ്ങൾ കൂട്ടമായെത്തിയതോടെ ആലപ്പുഴ ബൈപ്പാസിൽ പലേടത്തും കൂട്ടയിടിയും ഉരസലും.
രാവിലെ മുതൽ ബൈപ്പാസിലേക്ക് പ്രവേശിക്കാൻ കളർകോടും കൊമ്മാടിയിലും നിരവധി വാഹനങ്ങളാണ് കാത്തു കിടന്നത്. ഇത് ദേശീയ പാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് പൊലീസിനും തലവേദന സൃഷ്ടിച്ചു. ഉദ്ഘാടനത്തിന് ശേഷം വിശിഷ്ടാതിഥികൾ ബൈപ്പാസിലൂടെ സഞ്ചരിച്ചു. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ പ്രവർത്തകർ കൊടിയും മറ്റുമായി വാഹനങ്ങളിൽ നിരനിരയായി പ്രവേശിച്ചു. തുടർന്നാണ് സ്വകാര്യ വാഹനങ്ങളെ പൊലീസ് ബൈപ്പാസിലേക്ക് കടത്തി വിട്ടത്. മണിക്കൂറുകളോളം കാത്തു കിടന്ന വാഹനങ്ങൾ പാതയിലേക്ക് പ്രവേശിച്ചതോടെ ഗതാഗതക്കുരുക്കായി. തുടർന്നാണ് പലേടത്തും കൂട്ടയിടി നടന്നത്. ബൈപാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചറാവുകയും ചെയ്തു. ഉദ്ഘാടനചിത്രങ്ങൾക്കൊപ്പം ഇത്തരത്തിലുള്ള ചെറിയ അപകടങ്ങളുടെ ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ബൈപ്പാപാസിലെ ആദ്യപഞ്ചർ, ആദ്യ അപകടം എന്നിങ്ങനെ തലക്കെട്ട് നൽകിയാണ് പലരും ചിത്രങ്ങൾ പ്രചരിപ്പിച്ചത്.