ആലപ്പുഴ : ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും കുടുംബ സംമവും നടന്നു. സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനവും തദ്ദേശസ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ച ശേഷമായിരുന്നു തദ്ദേശ തലത്തിൽ പരിപാടികൾ നടന്നത്.
ചേർത്തല നഗരസഭയിൽ നടന്ന കുടുംബ സംഗമവും അദാലത്തും മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ചേർത്തല നഗരസഭയ്ക്ക് കീഴിലുള്ള 35 വാർഡുകളിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമമാണ് നടന്നത്. നഗരസഭ പരിധിയിൽ 260 വീടുകളാണ് പൂർത്തീകരിച്ചത്. ചേർത്തല നഗരസഭാദ്ധ്യക്ഷ ഷേർലി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്, ചേർത്തല തെക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നടന്ന സംഗമം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നടന്ന സംഗമത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം അനിത തിലകൻ, പഞ്ചായത്ത് പ്രസിഡന്റ് സുദർശന, പഞ്ചായത്ത് സെക്രട്ടറി അജിതകുമാരി തുടങ്ങിയവർ പങ്കെടുത്തു. മാവേലിക്കര തഴക്കര ഗ്രാമപഞ്ചായത്തിൽ നടന്ന സംഗമം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ടീച്ചർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഹരിപ്പാട് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നടന്ന സംഗമം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്തിൽ നടന്ന സംഗമം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കായംകുളം നഗരസഭാതല സംഗമം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു.