ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടന ചടങ്ങിൽ നിറഞ്ഞ കരഘോഷത്തോടെയാണ് ജനം മന്ത്രി ജി.സുധാകരനെ സ്വീകരിച്ചത്. ബൈപാസ് പൂർത്തീകരണത്തിന് അദ്ദേഹം നടത്തിയ ഇതഃപര്യന്തമുള്ള പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയായി ഈ കൈയടികൾ.
മുഖ്യമന്ത്രിക്കൊപ്പം ചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി നിതിൻഗഡ്കരിയുടെ പ്രസംഗത്തിനിടെ സുധാകരന്റെ പേരു പരാമർശിച്ചപ്പോഴെല്ലാം ജനക്കൂട്ടം ആവേശത്തോടെ കരഘോഷം മുഴക്കി. കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പ്രസംഗമദ്ധ്യേ പൊതുമരാമത്ത് മന്ത്രിയെ പ്രശംസിച്ചപ്പോഴും ജനം സന്തോഷം പ്രകടമാക്കി.
ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധവുമായി എത്തിയവരെ ലക്ഷ്യംവച്ച് മന്ത്രി സുധാകരൻ നടത്തിയ പരാമർശവും ജനത്തിന് നന്നെ ബോധിച്ചു. 'ഫ്ളക്സ് വയ്ക്കേണ്ടത് ജനങ്ങളുടെ ഹൃദയത്തിലാണ്, അല്ലാതെ മരത്തിൽ വച്ചിട്ട് വല്ല കാര്യവുമുണ്ടോ' എന്ന വാക്കുകൾ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
ബുധനാഴ്ച വൈകിട്ട് മുതൽ ഉദ്ഘാടന ചടങ്ങ് നടക്കുന്ന സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശം നൽകിയത്. ഇന്നലെയും രാവിലെ മുതൽ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ എത്തുന്നുണ്ടായിരുന്നു.