മാന്നാർ: മാന്നാർ ശുചിത്വമിഷനും ഹരിതമിഷനും സംയുക്തമായി നടത്തിയ ഹരിത ഓഡിറ്റിൽ ചെന്നിത്തല മഹാത്മ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന് ഹരിത പദവി. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ നൽകിയ സാക്ഷ്യപത്രം സ്‌കൂൾ പ്രഥമാദ്ധ്യാപിക മറിയാമ്മ ഉമ്മൻ ഏറ്റുവാങ്ങി. നെൽകൃഷി, വാഴ, കപ്പ, കാബേജ്, കോളിഫ്ളവർ, വെട്ടുചേമ്പ്, ചേന എന്നീ വിളകളുടെ പരിപാലനവും സ്‌കൂൾ അങ്കണത്തിലൊരുക്കിയ പൂന്തോട്ടവുമാണ് ഗ്രീൻ പ്രോട്ടോക്കോളാക്കിമാറ്റിയത്. സ്‌കൂൾ മാനേജ്‌മെന്റ്, പി.ടി.എ, എസ്.പി.സി, എൻ.എസ്.എസ്, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നി​വർ അടങ്ങുന്ന സംഘമാണ് കൃഷിക്ക് നേതൃത്വം നൽകിയത്.