കൊവിഡ് വ്യാപനം ടോപ് ഗിയറിൽ
ആലപ്പുഴ: കൊവിഡ് വ്യാപനം ജില്ലയിൽ വീണ്ടും തീവ്രമാകുമ്പോഴും അതിഗുരുതരമായ അശ്രദ്ധയാണ് ജനങ്ങൾ കാട്ടുന്നത്. സാനിട്ടൈസർ ഉപയോഗവും സാമൂഹിക അകലവും വെറും ഫാഷനായി മാറിയിരിക്കുന്നു. വ്യാപാരസ്ഥാനങ്ങളിലും ചന്തകളിലും തിരക്കേറുന്ന സ്ഥലങ്ങളിൽ ഒഴിഞ്ഞ സാനിട്ടൈസർ കുപ്പി മാത്രമാണ് ഉള്ളത്. പല സ്ഥലങ്ങളിലും ഇത്പോലും കാണാത്ത അവസ്ഥയാണ്. വ്യാപാരികളും ഉപഭോക്താക്കളും കൈകൾ അണുവിമുക്തമാക്കുന്ന രീതി ഉപേക്ഷിച്ച നിലയിലാണ്.
ജില്ലയെ വൻ അപകടത്തിലേക്കാണു ഇത് തള്ളിവിടുന്നതെന്ന തിരിച്ചറിവിൽ അധികൃതർ പുതിയ നടപടികളിലേയ്ക്ക് നീങ്ങുകയാണ്. കാരണം ഈ സ്ഥിതി തുടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയാകും.
നിയമലംഘനങ്ങൾ തടയാൻ കൂടുതൽ സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കാൻ നിർദ്ദേശമിറങ്ങി.
മാസ്കില്ല, പിഴയിട്ടോളൂ...
മാസ്ക് വയ്ക്കാത്തതിനാൽ പിഴ ഇട്ടാലും ജനങ്ങൾക്ക് പ്രശ്നമില്ലാത്ത മട്ടാണ്. നിലവിൽ മാസ്ക് ധരിക്കാതെ പോകുന്നവർക്ക് 500 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കുന്നത്. സ്ഥാപനങ്ങളിലും മറ്റും ഒന്നോ രണ്ടോ പേരുടെ അശ്രദ്ധയൊക്കെ ശ്രദ്ധയിൽപ്പെട്ടാൽ ചെറിയ പിഴയും ബോധവത്കരണവും നൽകി വിടുകയാണു പതിവ്. എന്നാൽ പലയിടത്തും വൻ നിയമലംഘനങ്ങളാണു നടക്കുന്നത്. സ്വകാര്യബസുകളിലും ഫോഗിംഗ് രീതി ചുരുക്കി. ബൈപാസ് തുറന്നതോടെ ആലപ്പുഴ ബീച്ചിൽ തിരക്കേറി. ബീച്ചിന് മുകളിലുള്ള എലിവേറ്റഡ് ഹൈവേയിൽ സെൽഫി എടുക്കാൻ ദിനം പ്രതി തിരക്കേറുകയാണ്. ഇവിടെ കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തിയാണ് ആളുകൾ കൂട്ടം കൂടുന്നത്.
സ്ഥാപനങ്ങളിലേക്കു പ്രവേശിക്കും മുമ്പുള്ള നിർബന്ധിത സാനിറ്റൈസർ ഉപയോഗം, ഊഷ്മാവ് പരിശോധിക്കൽ, പേരും വിവരവും രജിസ്റ്ററിൽ രേഖപ്പെടുത്തൽ തുടങ്ങിയവയൊക്കെ മിക്കയിടത്തു നിന്നും അപ്രത്യക്ഷമായി. ബാങ്ക്,സ്വകാര്യ ഓഫീസുകളിൽ പലരും മാസ്ക ഉപയോഗിക്കാതെയാണ് ജോലിചെയ്യുന്നത്. കൊവിഡ് നിയമലംഘകരിൽ ഭൂരിഭാഗവും യുവാക്കളാണ്. കൊവിഡിന് മുമ്പുള്ള ജീവിത രീതിയിലേക്ക് ജനങ്ങൾ മടങ്ങിയിരിക്കുകയാണ്.
സ്ഥാപനങ്ങളിലും ബസുകളിലും അനുവദിക്കപ്പെട്ടിട്ടുള്ളതിനേക്കാൾ ആളെണ്ണം ഏറുകയാണ്. തുടർ ദിവസങ്ങളിൽ ഈ സ്ഥിതി തുടർന്നാൽ കൂടുതൽ കടുത്ത നടപടികളിലേക്കു നീങ്ങേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കന്നത്.
..........
# കൂടുതൽ സെക്ടറൽ ഓഫീസർമാരെ നിയോഗിക്കും
ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കാനുള്ള സെക്ടറൽ ഓഫീസർമാരുടെ എണ്ണം കൂട്ടി. പൊലീസിന്റെ ശക്തമായ ഇടപെടൽ ഉറപ്പാക്കാനും തീരുമാനിച്ചു.
കർശന നിർദ്ദേശങ്ങൾ
കല്യാണച്ചടങ്ങുകൾ, ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, പെരുന്നാൾ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കർക്കശമാക്കും
ബീച്ചുകളിൽ കർശന പരിശോധന
പൊലീസിനെ സഹായിക്കാൻ വോളണ്ടിയർമാരുടെ സേവനം
ആലപ്പുഴ നഗരസഭാ പരിധിയിലും ടൂറിസ്റ്റുകൾ അധികമായി എത്തുന്ന പ്രദേശങ്ങളിലും കൊവിഡ് നിയന്ത്രണം സംബന്ധിച്ച പരിശോധനകൾക്കായി ഓരോ സെക്ടറൽ ഓഫീസർമാരെ കൂടി അധികമായി നിയോഗിക്കും. കണ്ടെയ്ൻമെൻറ് സോണുകളിലെ കൊവിഡ് നിയന്ത്രണങ്ങൾ മാനദണ്ഡപ്രകാരം തന്നെ നടക്കുന്നുവെന്ന് ഉറപ്പാക്കും.