ആലപ്പുഴ: എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധമുള്ള ഹെഡ് ലൈറ്റുകളുമായി ചീറിപ്പായുന്നവരെ കുടുക്കാൻ 'ലക്സ് മീറ്ററു'മായി മോട്ടോർ വാഹന വകുപ്പ്. വാഹന നിർമ്മാതാക്കൾ ഘടിപ്പിക്കുന്ന ലൈറ്റുകൾ മാറ്റിയ ശേഷം സ്വന്തം ചെലവിൽ സ്ഥാപിക്കുന്നവ മൂലം പ്രതിദിനം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
തീവ്രവെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനുള്ള ഉപകരണമാണു ലക്‌സ് മീറ്റർ. മൊബൈൽ ഫോണിനേക്കാൾ കുറച്ചുകൂടി വലിപ്പമുള്ള യന്ത്രമാണിത്. ജില്ലയിലുള്ള ഇന്റർസെപ്ടർ വാഹന സ്‌ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്. നിരത്തിലെ നിയമലംഘനത്തിന്റെ വർദ്ധന കണക്കിലെടുക്കുമ്പോൾ കൃത്യമായ പരിശോധനകൾക്ക് ഇത് അപര്യാപ്തമാണ്. കാരണം, ജില്ലയിൽ നിലവിൽ ഒരു ഇന്റർസെപ്ടർ വാഹനമേ ഉള്ളൂ. ഇന്റർസെപ്ടർ പരിശോധന ദേശീയപാതയിൽ മാത്രമാണുള്ളത്. സേഫ് കേരളയുടെ ഭാഗമായി ലഭിച്ച അഞ്ച് ഇലക്ട്രിക് വാഹനങ്ങളിൽ ഉടൻ ലക്സ് മീറ്റർ സംവിധാനം ഒരുക്കുമെന്നാണ് അധികൃതർ പറയുന്നത്. നിലവിലെ നിയമപ്രകാരം 24 വാട്സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്‌സിൽ കൂട്ടാൻ പാടില്ല. 12 വാട്സുള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്‌സിലും കൂടരുത്. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്‌സ് വരെ ശേഷിയുള്ള ഹാലജൻ/എച്ച്.ഐ.ഡി/എൽ.ഇ.ഡി ബൾബുകളാണ് നിർമ്മാണക്കമ്പനികൾ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാൽ ലക്സ് മീറ്റർ കുടുക്കും.
ജില്ലയിൽ ബൈക്കുകളുൾപ്പെടെ അതി തീവ്ര പ്രകാശമുള്ള ബൾബുകൾ ഘടിപ്പിച്ചു ചീറിപ്പായുകയാണ്. രാത്രികാല വാഹനാപകടങ്ങളിൽ ഭൂരിഭാഗവും അതിതീവ്ര വെളിച്ചം മൂലമാണെന്ന പരാതി വ്യാപകമാണ്.
വാഹന ഉടമകൾ നിയമാനുസൃതമല്ലാതെ നടത്തുന്ന രൂപമാറ്റങ്ങളുടെ (ആൾട്ടറേഷൻ) ഭാഗമായാണു ശക്തികൂടിയ എച്ച്.ഐ.ഡി ബൾബുകൾ ഘടിപ്പിക്കുന്നത്. ചില പ്രത്യേക നിരത്തുകളിൽ വാഹനമോടിക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം തീവ്രത കൂടിയ ബൾബുകൾ ഘടിപ്പിക്കാൻ പാടുള്ളൂ. എന്നാൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എച്ച്.ഐ.ഡി, എൽ.ഇ.ഡി ബൾബുകൾ വിപണിയിൽ സുലഭമാണ്.
# നിയന്ത്രണമില്ല
ആഡംബര കാറുകളുടെ എച്ച്.ഐ.ഡി, എൽ.ഇ.ഡി ബൾബുകളിൽ നിന്ന് പുറത്തേക്കു പ്രവഹിക്കുന്ന വെളിച്ചം 5 അടിക്കു മുകളിലേക്കു പരക്കാതിരിക്കാനുള്ള ബീം റെസ്ട്രിക്ടർ സംവിധാനമുണ്ട്. എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവറുടെ കണ്ണുകളിലേക്കു വെളിച്ചം തുളച്ചുകയറാതെ നോക്കുന്നതാണ് ബീം റെസ്ട്രിക്ഷൻ സംവിധാനം. ബൾബ് അഴിച്ചുമാറ്റി ഘടിപ്പിക്കുന്ന ഹൈ ബീം ബൾബുകൾക്കൊപ്പം ബീം റെസ്ട്രിക്ടർ ഉണ്ടാകില്ല. ഇതിനാൽ പ്രകാശം എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറെ അൽപനേരത്തേക്കെങ്കിലും അന്ധനാക്കും.
............................
അതിതീവ്ര ലൈറ്റുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കും. ലക്സ് മീറ്റർ ജില്ലയിൽ വൈകാതെ വ്യാപകമാകും. നിലവിൽ ജില്ലയിൽ ഇന്റർസെപ്ടറിൽ മാത്രമേ ലക്സ് മീറ്ററുള്ളൂ. സേഫ് കേരളയുടെ ഭാഗമായി ലഭ്യമായ ഇലക്ട്രിക് വാഹനത്തിൽ ഉടൻ സംവിധാനം ഒരുക്കും
(മോട്ടോർ വാഹനവകുപ്പ് അധികൃതർ)