'അതിജീവനം കേരളീയം' പദ്ധതിയിൽ തൊഴിലവസരങ്ങളുമായി കുടുംബശ്രീ
ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ഗ്രാമപ്രദേശങ്ങളെ കരകയറ്റാൻ ആരംഭിച്ച 'അതിജീവനം കേരളീയം" പദ്ധതി ജില്ലയിൽ ഫലപ്രാപ്തിയിൽ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീ 'അതിജീവനം കേരളീയം' പദ്ധതിയിൽ തൊഴിലവസരങ്ങൾ ഒരുക്കിയത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. അംഗങ്ങൾക്ക് അവരുടെ അഭിരുചിക്കനുസൃതമായി തൊഴിലവസരങ്ങൾ നൽകിയെന്നതാണ് പദ്ധതിയുടെ പ്രത്യേകത. 2020 സെപ്തംബർ 1 മുതൽ 2020 ഡിസംബർ 9 വരെയുള്ള 100 ദിനം കൊണ്ട് 15,000 പേർക്കെങ്കിലും തൊഴിൽ നൽകണമെന്നാണ് ലക്ഷ്യമിട്ടത്. ആദ്യത്തെ100 ദിനത്തിനും ശേഷവും പദ്ധതി തുടരുകയാണ്. ജില്ലയിൽ ഈ പദ്ധതി പ്രകാരം ഇതുവരെ 38,734 പേർക്ക് തൊഴിൽ നൽകാനായി.
സംരംഭകത്വ വികസന പരിപാടി കഴിഞ്ഞ് നൈപുണ്യ പരിശീലനം നേടാൻ താത്പര്യമുള്ളവർക്ക് പരിശീലനം തുടങ്ങുകയും സംരംഭങ്ങൾ ആരംഭിക്കാനുള്ള വിവിധ ഘട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സൂക്ഷ്മ സംരംഭങ്ങൾ , വിപണന കിയോസ്‌കുകൾ , ഹോംഷോപ്പുകൾ , മൃഗസംരക്ഷണ മേഖല,കാർഷിക മൂല്യവർദ്ധിത ഉത്പന്ന സംരംഭങ്ങൾ, എസ്.വി.ഇ. പി എന്നീ മേഖലകളിലാണ് പ്രധാനമായും തൊഴിൽ ലഭ്യമാക്കിയത്. ജില്ലയിൽ തിരഞ്ഞെടുത്ത അംഗങ്ങളെ മൈക്രോ എൻറ്റർപ്രൈസ് (എം.ഇ) യൂണിറ്റായി കുടുംബശ്രീമിഷൻ മാറ്റി. ഇവർക്ക് ആദ്യഘട്ട പരിശീലനത്തിനൊപ്പം ഇ.ഡി.പി ട്രൈയ്നിംഗും നൽകി. കുടുംബശ്രീ മിഷൻ സ്റ്റാർട്ടപ്പ് ഫണ്ടിൽ നിന്നും കമ്മ്യൂണിറ്റി എമർജൻസി ഫണ്ടിൽ നിന്നുമാണ് ഇതിനാവശ്യമായ തുക ലഭ്യമാക്കുന്നത്.
38,734: 'അതിജീവനം കേരളം" പദ്ധതിയിൽ ഇതുവരെ തൊഴിൽ ലഭിച്ചവർ
യുവകേരളം പദ്ധതി
യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. ദരിദ്ര കുടുംബങ്ങളിലെ 18 - 35 വയസുള്ളവരാണ് ഗുണഭോക്താക്കൾ. പട്ടികവർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 വയസു വരെ അംഗങ്ങളാകാം. പരിശീലനം, യാത്ര, താമസം, ഭക്ഷണം, യൂണിഫോം, പോസ്റ്റ് പ്ലേസ്മെന്റ് സപ്പോർട്ട് , കൗൺസലിംഗ് സൗജന്യം.
എറൈസ് പദ്ധതി
വളരെ ആവശ്യമുള്ള പത്തു മേഖലകളിൽ യുവതീ യുവാക്കൾക്കും, കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകി വേഗത്തിൽ വേതനം ലഭിക്കുന്ന തൊഴിൽ ലഭ്യമാക്കും.
സൂക്ഷ്മ സംരംഭക വികസനം
കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സംരംഭങ്ങൾ തുടങ്ങാം. വ്യക്തിഗത സംരംഭകർക്ക് 2.50 ലക്ഷം രൂപ വരെയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെയുമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കാം.
........
ജില്ലയിൽ 'അതിജീവനം കേരളീയം' പദ്ധതി മികച്ച വിജയത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. കുടുംബശ്രീ അംഗങ്ങൾക്കും യുവതീ യുവാക്കൾക്കും തൊഴിൽ അവസരത്തിനുള്ള പരിശീലനം നൽകി വരുന്നു. സംരംഭം തുടങ്ങാൻ വ്യക്തികൾക്ക് 50000 രൂപയും ഗ്രൂപ്പായി തുടങ്ങുന്നവർക്ക് 100000 രൂപയും നൽകി വരുന്നു..
(അജയ്കുമാർ,കുടുംബശ്രീ അസി.ജില്ലാ കോർഡിനേറ്റർ)