s
കൊമ്മാടി​യി​ലെ ടോൾ പ്ളാസ വാഹനമി​ടി​ച്ച് തകർത്തനി​ലയി​ൽ

ആലപ്പുഴ : ചിരകാലാഭിലാഷമായ ബൈപ്പാസ് ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ, കാലങ്ങളായി അനുഭവിച്ചു വന്ന ഗതാഗതക്കുരുക്കിൽ നിന്ന് നഗരത്തിന് മോചനമായി. നഗരത്തിലെങ്ങും ഇന്നലെ വാഹനങ്ങളുടെ നീണ്ട നിര കാണാനില്ലായിരുന്നു. ഭാരവാഹനങ്ങളും ദൂരസ്ഥലങ്ങളിലേക്ക് പോകുന്നവരും ബൈപ്പാസിനെ ആശ്രയിച്ചതോടെയാണിത്.

ഗതാഗത കുരുക്ക് ഏറെ അനുഭവപ്പെട്ടിരുന്ന ജനറൽ ആശുപത്രി ജംഗ്ഷൻ, ജില്ലാക്കോടതി പാലം എന്നിവിടങ്ങിൽ തിരക്ക് തീരെ കുറവായിരുന്നു. ജില്ലാക്കോടതി പാലത്തിൽ ഇന്നലെ ട്രാഫിക് നിയന്ത്രണത്തിന് പൊലീസിന്റെ ആവശ്യം പോലുമില്ലായിരുന്നു. വലിയ വാഹനങ്ങൾ നഗരത്തിനുള്ളിലേക്ക് കടക്കുമ്പോഴായിരുന്നു ആകെ കുരുങ്ങിയിരുന്നത്. എന്നാൽ, ബൈപ്പാസ് തുറന്നതോടെ ഇത്തരം വാഹനങ്ങളുടെ യാത്ര അതുവഴിയായി. എന്നാൽ ബൈപാസിൽ ടോൾ ആരംഭിച്ചാൽ നഗരത്തിൽ വീണ്ടും ഗതാഗതതക്കുരുക്ക് അനുഭവപ്പെടുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

ടോൾ പ്ലാസ കാബിൻ തവിടുപൊടി !

ഉദ്ഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപ്പാസിലെ ടോൾ പ്ലാസയിലെ കാബിൻ ലോറി ഇടിച്ച് തകർന്നു. വെള്ളിയാഴ്ച പുലർച്ചെ തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിൻ തകർന്നത്. ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലാണ് ടോൾ ഗേറ്റ് സ്ഥാപിച്ചിട്ടുള്ളത്. തടിയുമായ പോയ ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷ്ണം ടോൾപ്ലായിലെ കാബിനിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഒരു കാബിൻ മാത്രമാണ് തകർന്നത്. മറ്റ് ഗേറ്റുകൾക്കും കാബിനുകൾക്കും തകരാറില്ല. ബൈപാസിൽ കാമറ സ്ഥാപിക്കാത്തതിനാൽ ഇടിച്ച വാഹനത്തെപ്പറ്റി അടുത്തുള്ള സി.സി ടി വി കാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.