s

ആലപ്പുഴ: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തിൽ ഫെബ്രുവരി 1,2,4 തീയതികളിൽ നടക്കുന്ന സാന്ത്വന സ്പർശം അദാലത്തിൽ ലഭിച്ച പരാതികളുടെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സഹിതം ജില്ലാതല ഉദ്യോഗസ്ഥർ അദാലത്ത് ദിവസം രാവിലെ എട്ടുമണിക്ക് വേദികളിൽ ഹാജരാകണമെന്ന് കളക്ടർ എ.അലക്‌സാണ്ടർ നിർദ്ദേശം നൽകി. സാന്ത്വന സ്പർശം പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കളക്ടറേറ്റിൽ കൂടിയ ആലോചനായോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. സി.എം.ഒയുടെ സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെട്ട പരാതികൾ ഉന്നത ഉദ്യോഗസ്ഥസംഘം വേർതിരിച്ച് വകുപ്പുകളുടെ ജില്ലാതല മേധാവികൾക്ക് നൽകുന്നുണ്ട്. ഇവയിൽ റിപ്പോർട്ടുകൾ തേടിയശേഷം പരാതിയുടെ പകർപ്പും റിപ്പോർട്ടിന്റെ പ്രിന്റ് ചെയ്ത കോപ്പിയുമായി വേണം വകുപ്പുതല ഉദ്യോഗസ്ഥർ അദാലത്തിൽ ഹാജരാകേണ്ടത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾ തഹസിൽദാർമാർക്കാണ് അയയ്ക്കുക. ഇതിന്റെ റിപ്പോർട്ട് വേഗത്തിൽ അപ്ലോഡ് ചെയ്യണം. വേദിയുടെ സമീപം പരാതിക്കാരനെത്തുമ്പോൾ തന്നെ ടോക്കൺ നൽകുന്നതിനുള്ള സംവിധാനം ഉണ്ടാകും. കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും അദാലത്ത്. പരാതിക്കാരെ സ്വീകരിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകളും സജ്ജമാക്കും. പ്രധാന ജംഗ്ഷനിൽ നിന്ന് വേദിയിലേക്ക് പ്രത്യേക ബസ് സർവീസുകൾ നടത്തുന്നതിന് കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. താപ പരിശോധയും മാസ്‌ക്, സാനട്ടൈസർ എന്നിവയും നിർബന്ധമാണ്. ആവശ്യക്കാർക്ക് വേണ്ടി കുടുംബശ്രീ കാൻറീൻ പ്രവർത്തിപ്പിക്കുന്നതിന് നിർദ്ദേശം നൽകി.

ജില്ലയിൽ നടക്കുന്ന അദാലത്തിൽ മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ പങ്കെടുക്കും.