s

ആലപ്പുഴ : നെൽകൃഷിയിലും പച്ചക്കറി കൃഷിയിലും കൈവരിച്ച മികച്ച നേട്ടത്തിനുശേഷം ഉള്ളി കൃഷിയിലും ഒരു കൈ നോക്കാനായി മുഹമ്മ ഗ്രാമപഞ്ചായത്ത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ഏറ്റെടുത്തു നടത്തുന്നത് യുവാക്കളുടെ കർഷക സംഘമാണ്. പഞ്ചായത്തിലെ 16ാം വാർഡിൽ നിന്നുള്ള 14 പേരടങ്ങുന്ന സംഘത്തിൽ 18 മുതൽ 25 വയസ്സ് വരെയുള്ളവരുണ്ട്. പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നവരും ജോലി ചെയ്യുന്നവരും ഒക്കെ ഇതിലുൾപ്പെടും. ഒഴിവുസമയം കണ്ടെത്തിയാണ് ഇവർ കൃഷിയുടെ പരിപാലനം നട‌ത്തുന്നത്.

കഴിഞ്ഞവർഷം കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നെൽകൃഷി ചെയ്താണ് യുവാക്കൾ കൃഷിയിലേക്ക് ഇറങ്ങിയത്. ഒരേക്കറിൽ നെൽകൃഷി ചെയ്തു നേട്ടം കൊയ്തതിന് പിന്നാലെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഉള്ളി കൃഷി ചെയ്യാൻ ഇവർ മുന്നോട്ടു വന്നതെന്ന് കൃഷി ഓഫീസർ രാഖി അലക്സ് പറഞ്ഞു. നെൽ കൃഷിക്ക് ആവശ്യമായ കൂലിച്ചെലവ് സബ്സിഡി, വളം, വിത്ത് എന്നിവ കൃഷിവകുപ്പ് നൽകിയിരുന്നു. ഉള്ളി കൃഷിയ്ക്കും ഈ സഹായം ലഭിക്കും. നെൽകൃഷി ചെയ്ത അതേ സ്ഥലത്ത് 30 സെന്റിലാണ് പ്രാദേശികമായി ലഭ്യമാക്കിയ വിത്തുപയോഗിച്ചുള്ള ഉള്ളി കൃഷി. ബാക്കിയുള്ള സ്ഥലത്ത് വെണ്ടയും പയറും ചീരയും ഉൾപ്പെടെ കൃഷി ചെയ്യാനാണ് പദ്ധതി.

ഉഴുന്നും പയറും
ഉള്ളി കൃഷിക്ക് പുറമേ തരിശുഭൂമിയിൽ ഉഴുന്ന്, പയർ, വെള്ളരി തുടങ്ങിയ ഇനങ്ങളും കൃഷി ചെയ്യുകയാണ് ഈ യുവ കർഷകകർ. കൃഷി പരിപാലനം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ആവശ്യമായ നിർദ്ദേശങ്ങൾ നേരിട്ടും അല്ലാതെയും നൽകി കൃഷിവകുപ്പ് ഒപ്പമുണ്ട്.