ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരിയിലെ പൊതുമരാമത്ത് വകുപ്പ് റസ്​റ്റ് ഹൗസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 മണിക്ക് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്റി ജി. സുധാകരൻ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്ന് 2.5 കോടി രൂപ വകയിരുത്തിയാണ് റസ്​റ്റ് ഹൗസ് നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സരേഷ് എംപി. മുഖ്യപ്രഭാഷണം നടത്തും.

102 വർഷം പഴക്കമുള്ള റെസ്​റ്റ് ഹൗസ് കെട്ടിടം ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി സജി ചെറിയാൻ എം.എൽ.എ മന്ത്റി ജി .സുധാകരന് നൽകിയ നിവേദനത്തെ തുടർന്നാണ് കെട്ടിട നിർമ്മാണത്തിനായി തുക അനുവദിച്ചത്. പഴയ കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളിൽ നാല് മുറികളിൽ മാത്രം പ്രവർത്തിച്ചിരുന്ന റസ്​റ്റ് ഹൗസി​ന്റെ വടക്കുഭാഗത്തായാണ് പുതിയ കെട്ടിടം. രണ്ടു നിലകളിലായി 7,800 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ ആറ് എ.സി ഡബിൾ മുറികളും ഒരു എസി സ്യൂട്ട് റൂം, ചെറിയ യോഗങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ 800 ചതുരശ്ര അടി വരുന്ന കോൺഫറൻസ് ഹാളുമാണുള്ളത്. നിലവിലുള്ള പ്രധാന കെട്ടിടത്തിന്റെ നാലു മുറികളും കെട്ടിടത്തോട് ചേർന്ന് മ​റ്റ് മുറികളും പുതുക്കിപ്പണിയുകയും ദൂരദർശൻ കേന്ദ്രം ഉപയോഗിച്ചിരുന്ന കെട്ടിടം ഏ​റ്റെടുത്ത് നവീകരിച്ചിട്ടുമുണ്ട്. ഇതോടെ 14 മുറികളും പുതിയ പാചകശാലയും ഒരുങ്ങും.