തുറവൂർ: ദേശീയപാതയോരത്ത് ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും 30000 രൂപയും അര പവന്റെ മോതിരവും കവർന്നതായി പരാതി. കുത്തിയതോട് പൊലീസ് സ്റ്റേഷനു തെക്കുവശമുള്ള ആമേടത്ത് കാവ് ദുർഗാദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കുടുംബത്തിന്റെ കാർ കുത്തിത്തുറന്നാണ് പണവും ആഭരണവും മോഷ്ടിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. സമാന രീതിയിൽ പ്രദേശത്ത് മോഷണം പതിവാകുന്നതായി നാട്ടുകാർ പറഞ്ഞു..