ആലപ്പുഴ: ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ ആലപ്പുഴ ബൈപാസ് കാണാനെത്തുന്നവരുടെ എണ്ണം കൂടി. യാത്രയ്ക്ക് തടസം സൃഷ്ടിക്കും വിധം എലിവേറ്റഡ് ഹൈവേയിൽ ആളുകൾ വാഹനം നിറുത്താൻ തുടങ്ങിയതോടെ പൊലീസ് പട്രോളിംഗ് ശക്തമാക്കി. മേൽപ്പാലത്തിൽ നിന്ന് കടൽക്കാഴ്ച്ച ആസ്വദിക്കാനാണ് യാത്രക്കാർ രാപ്പകൽ വ്യത്യാസമില്ലാതെ വാഹനം നിറുത്തിയിടുന്നത്.
പാലത്തിൽ നിന്ന് സെൽഫി പകർത്താൻ പലരും കുടുംബത്തോടൊപ്പമാണ് എത്തുന്നത്. വാർത്താ പ്രാധാന്യം നേടിയതോടെ മറ്റ് ജില്ലകളിൽ നിന്ന് പോലും ആളുകൾ ബൈപാസിൽ എത്തുന്നു. പൊരിവെയിലത്ത് പോലും തിരക്കിന് കുറവില്ല. മേൽപ്പാലത്തിന് പടിഞ്ഞാറ് വശം വാഹനങ്ങൾ കൂട്ടമായി നിർത്തുന്നത് പതിവായതോടെ പൊലീസ് ആളുകളെ നിയന്ത്രിക്കുന്നുണ്ട്. ചരക്ക് വാഹനങ്ങൾ ഉൾപ്പടെ കടന്നുപോകുന്ന പാതയിൽ വലിയ അപകട സാധ്യതയാണ് ഇത്തരം സെൽഫിക്കാർ ക്ഷണിച്ചുവരുത്തുന്നത്. പാലത്തിലേക്ക് പ്രവേശിച്ചാൽ പരമാവധി സ്പീഡ് 40 കിലോ മീറ്റർ വേഗത എന്ന് സൂചനാ ബോർഡ് വെച്ചിട്ടുണ്ടെങ്കിലും അമിത ഭാരം കയറ്റി എത്തുന്ന വാഹനങ്ങൾ പോലും ഈ നിബന്ധന പാലിക്കുന്നില്ല. ഇതിന്റെ ബാക്കി പത്രമാണ് ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം ഇടിച്ച് തകർക്കപ്പെട്ട ടോൾ പ്ലാസ. മേൽപ്പാലത്തിൽ വാഹനങ്ങൾ നിർത്താനോ ഇറങ്ങാനോ പാടില്ലെന്ന നിർദേശം പാലിക്കപ്പെടുന്നില്ല. പലപ്പോഴും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ വകവയ്ക്കാതെയാണ് മറ്റ് വാഹനങ്ങൾ അമിത വേഗതയിൽ പായുന്നത്. ബൈപാസിന്റെ കൈവരിക്ക് പൊക്കം കുറവായതിനാൽ അശ്രദ്ധയോടെ വാഹനം ഓടിക്കുന്ന ഇരുചക്ര വാഹന യാത്രികർ ഗുരുതരമായ അപകടത്തിൽപ്പെടാനുള്ള സാധ്യതയുമുണ്ട്.
കുരുക്കിൽ നിന്ന് മോക്ഷം
എല്ലാവരും ആവേശത്തോടെ ബൈപ്പാസിലേക്ക് പ്രവേശിച്ചതോടെ നഗരത്തിലെ തിരക്കിന് ശമനമായി. എസ്.ഡി കോളേജ് മുതൽ കൊമ്മാടി വരെ പതിവായി അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്ക് ഇപ്പോഴില്ല. എറണാകുളം ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ വാഹനങ്ങൾ പൂർണമായും ബൈപാസിനെ ആശ്രയിക്കുന്നുണ്ട്.
ആശയക്കുഴപ്പമായി സിഗ്നൽ
കളർകോടു ഭാഗത്ത് തെക്കുനിന്നുവരുന്ന വാഹനങ്ങൾ ഡിവൈഡറിന്റെ ഇടതുവശത്തുകൂടിയാണു പോകേണ്ടത്. എന്നാൽ, പലരും വലതുവശത്തുകൂടി കയറും. ഇവിടെ ബ്ലിങ്കർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു ശ്രദ്ധിക്കുന്നില്ല. അതിനാൽ എതിർവാഹനങ്ങളുടെ പാതയിലേക്കു കയറുന്നത് അപകടമുണ്ടാക്കും. ആലപ്പുഴ ഭാഗത്തുനിന്നു തെക്കോട്ടു പോകുന്ന വാഹനങ്ങൾക്കും ഏതുവഴിപോകണമെന്ന ആശങ്കയുണ്ട്. പകൽ പൊലീസ് ഉള്ളതിനാൽ ഒരുപരിധിവരെ ആശയക്കുഴപ്പം പരിഹരിക്കാനാകുന്നുണ്ട്. എന്നാൽ, രാത്രിയിൽ സ്ഥിതി രൂക്ഷമാണ്. തോന്നിയതുപോലെയാണു വാഹനങ്ങൾ കടന്നുപോകുന്നത്. സിഗ്നൽ സംവിധാനത്തിൽ അശാസ്ത്രീയതയുണ്ടെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. വടക്കുനിന്ന് വരുന്ന വാഹനങ്ങൾക്കു സഹകരണ ആശുപത്രി റോഡിലേക്കു പ്രവേശിക്കുന്നതിനുള്ള സമയം ലഭിക്കുന്നില്ലെന്നും സിഗ്നൽ സംവിധാനം പുനഃക്രമീകരിച്ച് ആശങ്ക പരിഹരിക്കണമെന്നുമാണു ജനങ്ങളുടെ ആവശ്യം.