ആലപ്പുഴ: ജില്ലയിലെ യു.പി.എസ്.ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 430 ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗത്തിനും ഇതുവരെ നിയമനം ലഭിച്ചില്ലെന്ന് പരാതിയുയരുന്നു. 2018 ഡിസംബർ 28ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്നും 87 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്.
നിയമനം ലഭിക്കാത്തതിനാൽ മുൻ ലിസ്റ്റിൽ(കാറ്റഗറി നമ്പർ 389|2008) ഉൾപ്പെട്ടവർ കേസ് കൊടുത്തതോടെ 2018ലെ ലിസ്റ്റ് ആറ് മാസത്തേക്ക് തടയപ്പെട്ടിരുന്നു. സ്റ്റേ മാറിയപ്പോൾ നിലവിലുണ്ടായിരുന്ന 90 ഒഴിവുകളിൽ 48 എണ്ണം പഴയ ലിസ്റ്റുകാർക്ക് കൊടുക്കേണ്ടി വന്നു. നിലനിൽക്കുന്ന യു.പി.എസ്.ടി ഒഴിവുകൾ യഥാസമയം പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ആലപ്പുഴ ഡി ഡി ഇ ഓഫീസിലെ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ചയാണ് കാണിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. കൊവിഡ് മൂലം സ്കൂൾ തുറക്കാത്തതിനാൽ ഈ വർഷം സ്റ്റാഫ് ഫിക്സേഷൻ നടന്നിട്ടില്ലാത്തതിനാൽ ഇതിലൂടെ ഉണ്ടാവേണ്ടിയിരുന്ന ഒഴിവുകളും ഈ ലിസ്റ്റിൽ ഉള്ളവർക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.
2021 കലണ്ടർ വർഷത്തിലെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദേശം ഉണ്ടായിട്ടും ആലപ്പുഴയിൽ നിന്ന് 5 ഒഴിവു മാത്രമാണ് പി എസ് സി ക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതീക്ഷിത ഒഴിവുൾപ്പടെ 40 ഒഴിവുകൾ വരേണ്ട സ്ഥാനത്താണ് കേവലം അഞ്ച് ഒഴിവ് കാണിച്ചിരിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ കുറ്റപ്പെടുത്തുന്നു. 2020 മേയ്, ജൂൺ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന പ്രധാനാദ്ധ്യാപക തസ്തികയിലേക്കുള്ള പ്രൊമോഷനും സ്കൂളുകൾ തുറക്കാതിരിക്കുന്നതുമൂലം നടന്നിട്ടില്ല. ഇങ്ങനെയുണ്ടാവേണ്ടിയിരുന്ന ഒഴിവുകളും നിലവിലെ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ലിസ്റ്റിലുള്ള ഭൂരിഭാഗം പേരും ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി പിന്നിട്ടവരാണ്.