s

ക്ഷീര കർഷകർക്ക് ആശങ്കാകാലം

ആലപ്പുഴ: കൊവി​ഡ് കാലം പശുക്കൾക്ക് കടുത്ത കഷ്ടകാലമാണ് . രോഗപ്രതി​രോധം പോലും നടക്കാത്ത അവസ്ഥ. ഒരു വർഷം പി​ന്നി​ട്ടി​ട്ടും കുളമ്പുരോഗ പ്രതി​രോധ കുത്തി​വയ്പ് എടുക്കുന്നതി​ന് നടപടി​​കളായി​ട്ടി​ല്ല. ആറുമാസത്തി​ലൊരി​ക്കൽ നൽകി​യി​രുന്ന കുത്തി​വയ്പ് വൈകുന്നതി​ൽ ക്ഷീരകർഷകർ ആശങ്കയി​ലാണ്.

ഫെബ്രുവരി​യി​ൽ ആരംഭിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കി​ലും അതി​ൽ ഉറപ്പി​​ല്ല. വ്യക്തമായ തീയതി​ അധി​കൃതർ പറയാത്തതാണ് കാരണം.

ഒക്ടോബർ, നവംബർ മാസങ്ങളിലാണ് പൊതുവേ വാക്സി​നേഷൻ നടത്തി​യി​രുന്നത്. കഴിഞ്ഞ വർഷം വാക്സിനേഷൻ ഡിസംബറിലാണ് നടത്തിയത്. വാക്‌സിനേഷനു ശേഷം കുറച്ചുകാലം പശുക്കളിൽ പാലുത്പാദനത്തിൽ കുറവുണ്ടാകും. ഒരു മാസത്തോളം പശുക്കളിൽ 40 ശതമാനത്തിലേറെ പാലുത്പാദനം കുറഞ്ഞതായി കർഷകർ പറയുന്നു. എന്നാൽ ഇത്തവണ ഫെബ്രുവരി​യി​ൽ കുത്തി​വയ്പ് എടുക്കുന്നത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. ഉഷ്ണകാലത്തി​ന്റെ തുടക്കമായതി​നാൽ പാലുത്പാദനം പതി​വി​ലേറെ കുറയും. ഇതും കർഷകർക്ക് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ 60 പശുക്കൾക്ക് കുളമ്പുരോഗം റിപ്പോർട്ട് ചെയ്തു.

വാക്സിനേഷന് ശേഷം

വാക്‌സിനേഷന് ശേഷം കന്നുകാലികൾക്ക് പനി, കുത്തിവയ്പ് എടുക്കുന്ന ഭാഗത്ത് നീർക്കെട്ട്, തീറ്റ എടുക്കുന്നതിന് ബുദ്ധിമുട്ട്, പാൽ കുറവ്, ക്ഷീണം എന്നിവ ഉണ്ടാകാം. കുത്തിവയ്പ്പിനായി ഒരു ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറും അറ്റൻഡറും അടങ്ങിയതാണ് ഒരു സ്‌ക്വാഡ്.

ഗോരക്ഷ

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ സഹായത്തോടെ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയാണ് ഗോരക്ഷ. 75 ശതമാനത്തി​ലധികം പ്രതിരോധശേഷി ഉറപ്പാക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷീരസഹകരണ സംഘങ്ങളുടെയും ക്ഷീരവികസന വകുപ്പ്, മിൽമ തുടങ്ങിയവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗം നിയന്ത്രണവിധേയമാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കിയാൽ മാത്രമേ രോഗത്തെ നിർമാർജ്ജനം ചെയ്യാൻ സാധിക്കുകയുള്ളൂ.

ലക്ഷണങ്ങൾ

പനി, കൈകാലുകളിലെ കുളമ്പ്, വായ്, നാവ്, ചുണ്ടുകൾ എന്നി​വ പൊട്ടൽ, ഉമിനീർ ഒലി​ക്കൽ, തീറ്റ എടുക്കാൻ മടി. എന്നിവയാണ് കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങൾ . കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ പശുക്കളുടെ മരണം വരെ സംഭവിക്കാം.

...........................

60

കഴിഞ്ഞ ഒരുവർഷത്തിനിടെ 60 പശുക്കൾക്ക്

കുളമ്പുരോഗം റിപ്പോർട്ട് ചെയ്തു.

.............................

' ഫെബ്രുവരിയിൽ വാക്സിനേഷൻ തുടങ്ങും. കൊവിഡാണ് പ്രതിരോധ കുത്തിവയ്പു വൈകാൻ കാരണം.

ഡോ. എസ്.ജെ.ലേഖ, ചീഫ് വെറ്ററി​നറി ഓഫീസർ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്

..........................