ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഹൗസ് ബോട്ടുകളിൽ പൊലീസ് പരിശോധന നടത്തി. സാമൂഹിക അകലം, നിശ്ചിത എണ്ണം സഞ്ചാരികൾ, പ്രതിരോധ മാർഗങ്ങൾ എന്നിവ ഉറപ്പാക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി നോർത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 10 ഹൗസ് ബോട്ടുകൾക്ക് പിഴ ചുമത്തി. സിഐ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം കടക്കെണിയിൽ നിന്ന് ഉയർന്നു വരുന്ന വ്യവസായത്തെ തകർക്കുന്ന തരത്തിലാണ് ജില്ലാ ഭരണകൂടം പെരുമാറുന്നതെന്ന് ഹൗസ് ബോട്ട് ഉടമകൾ പ്രതികരിച്ചു. മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത് എത്തുന്ന സഞ്ചാരികൾ യാത്രയ്ക്കെത്തുമ്പോൾ, ആളെണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നും ഉടമകൾ പറഞ്ഞു.