minister

ആലപ്പുഴ: എൻജിനിയറിംഗ് ജോലി ഉപേക്ഷിച്ച് നാട്ടിലെ കുട്ടികളെ മൈക്രോസോഫ്ട് എക്സൽ പഠിപ്പിക്കാൻ മലയാളം യു ട്യൂബ് ചാനൽ തുടങ്ങിയ ആലപ്പുഴക്കാരൻ അജയ് ആനന്ദിന് അഭിനന്ദന പ്രവാഹം. കേരളകൗമുദി വാർത്തയെ തുടർന്ന് ഇന്നലെ മന്ത്രി ജി.സുധാകരൻ കളർകോട്ടെ വീട്ടിലെത്തി അഭിനന്ദിച്ചു.

'എക്സൽ ക്ലാസ് മലയാളത്തിലും, അജയിന് മാസ വരുമാനം 75,000" എന്ന തലക്കെട്ടിൽ ഇന്നലെയാണ് കേരളകൗമുദി വാർത്ത നൽകിയത്. ഇതോടെ അജയ് നാട്ടിൽ താരമായിരിക്കയാണ്. ഇന്നലെ രാവിലെ മുതൽ അജയിയെ നേരിട്ടും ഫോണിലൂടെയും നിരവധി പേരാണ് അഭിനന്ദിച്ചത്.

മൈക്രോസോഫ്ട് നൽകിയ എക്സലൻസ് അവാർഡിനെക്കാൾ വിലമതിക്കുന്നതാണ് മന്ത്രിയുടെ അഭിനന്ദനമെന്ന് അജയ് പറഞ്ഞു. അജയിനെ പൊന്നാട അണിയിച്ചശേഷം അവാർഡ് നേട്ടത്തെക്കുറിച്ചും എക്സൽ പ്രോഗ്രാമുകളെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രി മടങ്ങിയത്. സിവിൽ എൻജിനിയറായ അജയ് മുമ്പ് ഹൈവേ ഡിസൈനറുമായിരുന്നു. ഇതിനെക്കുറിച്ചും മന്ത്രി അന്വേഷിച്ചു.

മൈക്രോ സോഫ്ട് എക്സലിൽ ഇംഗ്ലീഷ്, മലയാളം ചാനൽ നിലവിൽ അജയ് നടത്തുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലായിരുന്നു മൈക്രോസോഫ്ട് മോസ്റ്റ് വാല്യുവബിൾ പ്രൊഫഷൻ അവാർഡ് അജയ് നേടിയത്.