ചാരുംമൂട്: നൂറനാട് പഞ്ചായത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം അമ്പതോളം പേർ കേരള കോൺഗ്രസ് (എം)ൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

താമരക്കുളം, വള്ളികുന്നം, പാലമേൽ,ചുനക്കര പഞ്ചായത്തുകളിൽ നിന്നും യു.ഡി.എഫ്, കോൺഗ്രസ് പ്രാദേശിക നേതാക്കളായിരുന്നവരടക്കം നൂറുകണക്കിന് പേർ അടുത്തു തന്നെ കേരള കോൺഗ്രസിലേക്ക് എത്തുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത പാർട്ടി നേതാവ് അഡ്വ.ജെ.അശോക് കുമാർ പറഞ്ഞു.

12 ന് വൈകിട്ട് 5 ന് പാർട്ടി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പാർട്ടി ചെയർമാൻ ജോസ്.കെ.മാണി പങ്കെടുക്കും.

കോൺഗ്രസിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് (എം) ൽ ചേർന്ന കോൺഗ്രസ് നൂറനാട് ബ്ളോക്ക് ജനറൽ സെക്രട്ടറിമാരായ സോമൻ മാധവൻ, ബാബു കലഞ്ഞിവിള , നൂറനാട് മണ്ഡലം മുൻ പ്രസിഡന്റ് പ്രദീപ് കിടങ്ങയം, സെക്രട്ടറി വേണു പാലമേൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.