ആലപ്പുഴ : അഴിമതി ഹിത വികസനമാണ് ജെ.എസ്.എസിന്റെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് എ.എൻ.രാജൻ ബാബു പറഞ്ഞു. ആലപ്പുഴ നഗരചത്വരത്തിൽ (ഡി.മോഹൻദാസ് നഗർ) ജെ.എസ്.എസ് എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. യു.ഡി.എഫിൽ നിന്നപ്പോൾ ഒരു സർക്കാരിനെ മാറിച്ചിടാൻ നിരവധി വാഗ്ദാനങ്ങളുമായി എത്തിയ കോൺഗ്രസ് നേതാക്കൾക്ക് നിരാശപകരുന്ന നയമാണ് പാർട്ടി സ്വീകരിച്ചത്. അധികാര സ്ഥാനത്ത് എത്തിയ അവസരങ്ങളിൽ കെ.ആർ.ഗൗരിഅമ്മ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള നിയമങ്ങളാണ് നടപ്പാക്കിയത്. ഗൗരിഅമ്മയും ജെ.എസ്.എസും എൽ.ഡി.എഫിന്റെ ഭാഗമാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് ദുഷ്ടലാക്കോടെയുള്ള പ്രചാരണം നടത്തുന്നത്. ഘടക കക്ഷിയാകാൻ സമ്മേളനത്തിന് ശേഷവും എൽ.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തുമെന്നും എ.എൻ.രാജൻ ബാബു പറഞ്ഞു. അഡ്വ. സഞ്ജീവ് സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിഅമ്മ മുഖ്യസന്ദേശം നൽകി. ഡോ. പി.സി. ബീനാകുമാരി സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ 11ന് അഭിവാദ്യ യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ആർ.എസ്.പി (ബി) സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷൻ, ജെ.എസ്.എസ് ജില്ലാ സെക്രട്ടറി പി. രാജു എന്നിവർ സംസാരിക്കും.