അമ്പലപ്പുഴ: സന്തോഷ്- ഷൈനി ദമ്പതികൾക്ക് നന്ദി പറയാൻ വാക്കുകളില്ല. ഒരു ദിവസം മാത്രം പ്രായമായ തങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഈ നല്ല മനസുകൾക്ക് മുന്നിൽ കണ്ണീരോടെ ഇവർ നിൽക്കുകയാണ്.
ചെങ്ങന്നുർ കൊഴുവെല്ലൂർ ശുഭാനന്താലയത്തിൽ സന്തോഷ്- ഷൈനി ദമ്പതികളുടെ ഒരു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ ജീവനാണ് രക്ഷിച്ചത്. മാവേലിക്കര താലൂക്കാശുപത്രിയിലായിരുന്നു ഷൈനിയുടെ പ്രസവം.കുട്ടിക്ക് ശ്വാസ തടസം ഉണ്ടായതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ കുഞ്ഞിനെ വിദഗ് ദ്ധ ചികിത്സക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. തിരുവനന്തപുരത്തേക്ക് ഐ.സി.യു ആംബുലൻസിൽ കൊണ്ടുപോകുന്നതിന് 13,000 രൂപയാണ് വേണ്ടിയിരുന്നത്. രാത്രി ഏറെ വൈകിയതോടെ ഇവർക്കുമുന്നിൽ മാർഗമൊന്നുമില്ലായിരുന്നു. വിവരം അറിഞ്ഞ ഗ്രാമ പഞ്ചായത്തംഗം യു.എം.കബീർ, യൂത്ത് കോൺഗ്രസ് ഭാരവാഹി നജീഫ് അരീശേരി , നിസാർ കാട്ടുക്കാരൻ പറമ്പ് എന്നിവർ ആശുപത്രിയിലെത്തി. കൂട്ടിരിപ്പുകാരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമായി നിമിഷങ്ങൾക്കകം പതിനായിരം രൂപ ശേഖരിച്ചു. സന്തോഷിന്റെ അവസ്ഥയറിഞ്ഞ സ്വകാര്യ ആംബുലൻസ് ഡ്രൈവർ പതിനായിരം രൂപയ്ക്ക് തിരുവനന്തപുരത്തേക്ക് കുട്ടിയെ കൊണ്ടു പോകാനും തയ്യാറായി. ഒടുവിൽ പുലർച്ചെ ഒന്നരയോടെ കുരുന്നു ജീവനുമായി മാതാപിതാക്കൾ തിരുവനന്തപുരത്തേക്ക് യാത്രയായി. തങ്ങളെ സഹായിച്ചവരോട് മനസു നിറയെ നന്ദിയുമായി. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നതായി ബന്ധുക്കൾ പൊതുപ്രവർത്തകരെ അറിയിച്ചു.