 ജെ.എസ്.എസ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

ആലപ്പുഴ : ജനാധിപത്യം സംരക്ഷിക്കാൻ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു എന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രീയം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാഭൂരിപക്ഷമുള്ള മന്ത്രിസഭയായിരുന്നിട്ടും പാർലമെന്റിൽ എ.കെ.ജിയുടെ പ്രസംഗവും നിർദേശങ്ങളും നെഹ്റു ഉൾക്കൊള്ളുമായിരുന്നു. നിയമനിർമ്മാണങ്ങൾ നടത്തുമ്പോൾ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാനുള്ള മര്യാദ കാണിക്കാത്ത പ്രധാനമന്ത്രിയാണ് മോദി. രാജ്യത്തിന്റെ ആധാര ശിലയായ ജനാധിപത്യം നേർവഴിയിലൂടെ അല്ല ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് തിലോത്തമൻ പറഞ്ഞു. ഭരണകർത്താക്കളെ നേർവഴിക്ക് നയിക്കാൻ മുൻകാലങ്ങളിലെ പോലെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിപക്ഷമില്ലാത്തതാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ.ജയശങ്കർ പറഞ്ഞു. ജെ.എസ്.എസ്.സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ.രാജൻബാബു മോഡറേറ്ററായി. അഡ്വ. സഞ്ജീവ് സോമരാജൻ വിഷയാവതരണം നടത്തി. ഡോ. കെ.എസ്.രാധാകൃഷ്ണൻ, ബാലരാമപുരം സുരേന്ദ്രൻ, പ്രസാദ്, ജയൻ എന്നിവർ സംസാരിച്ചു. ആർ.പൊന്നപ്പൻ സ്വാഗതവും കാട്ടുകുളം സലിം നന്ദിയും പറഞ്ഞു.

ജെ.എസ്.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിഅമ്മയുടെ മുഖ്യസന്ദേശം വായിച്ച ശേഷം നടന്ന പ്രതിനിധി സമ്മേളനം ജെ.എസ്.എസ്.സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ.രാജൻബാബു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഡ്വ. സഞ്ജീവ് സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.സി.ബീനാകുമാരി സ്വാഗതം പറഞ്ഞു. ഇന്ന് സമ്മേളനം സമാപിക്കും.