ചേർത്തല: ഒന്നര കിലോ കഞ്ചാവും ആറ് ലക്ഷം രൂപ വില വരുന്ന 150 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടി. പട്ടണക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ നികർത്തിൽ അനന്തകൃഷ്ണൻ (22),കാസർഗോഡ് കാസൂർകോട്ട താലൂക്കിൽ ആതുർ കുസാർ മുറിയിൽ പോക്കറടുക്ക വീട്ടിൽ അബു താഹിദ് (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിൽ പട്ടണക്കാട് ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട അനന്തകൃഷ്ണനെ ചോദ്യം ചെയ്യുകയും ദേഹ പരിശോധന നടത്തുകയും ചെയ്തതോടെ 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഉറവിടത്തെ കുറിച്ച് അന്വേഷിച്ചതോടെ ഇടപ്പള്ളിയിലുള്ള ആളാണ് നൽകിയതെന്ന് വിവരം ലഭിച്ചു. തുടർന്ന് ഇയാളുമായി ഇടപ്പള്ളിയിൽ എത്തി അബു താഹിദിന്റെ താമസ സ്ഥലമായ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് 150 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. ഇത് മുറിക്കുള്ളിൽ കൂട്ടിയിട്ട നിലയിലായിരുന്നു. വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ പരിശോധിച്ചതോടെ 1.525 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കാറിന്റെ കാർപ്പെറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കാർ കസ്റ്റഡിയിലെടുത്തു. ഒറീസയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. ഇയാൾക്ക് കഞ്ചാവ് കൈമാറിയവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. കഞ്ചാവിന് പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കിയ അബു താഹിറിനെ റിമാൻഡ് ചെയ്തു. പ്രീവന്റീവ് ഓഫീസർമാരായ ദിലീപ്, ഡി. മായാജി, ഷിബു പി.ബഞ്ചമിൻ, സി.ഇ.ഒമാരായ വികാസ്, ബിയാസ്, ഡ്രൈവർ സന്തോഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.